ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്‌കാരം ഇന്ന്

ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്‌കാരശുശ്രൂഷയുടെ രണ്ടാം ഘട്ടം ഇന്ന് തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദൈവാലയത്തിൽ നടക്കും. വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ശുശ്രൂഷകള്‍ നടക്കുക. ഉച്ചയ്ക്ക് ഒരു മണിക്ക് ഭൗതികശരീരം കോഴിക്കോട്, കോട്ടുളിയിൽ ക്രിസ്‌തുദാസി സന്യാസിനീ സമൂഹത്തിന്റെ ‘ഹോം ഓഫ് ലൗ’ ജനറലേറ്റിലേക്ക് കൊണ്ടുപോകും.
വൈകിട്ട് ആറുമണിക്ക് മൃതസംസ്കാര ശുശ്രൂഷയുടെ സമാപന തിരുക്കര്‍മ്മങ്ങള്‍ നടക്കും. പിതാവിനോടുള്ള ആദരസൂചകമായി മൃതസംസ്കാര ശുശ്രൂഷ നടക്കുന്ന ഇന്ന് തൃശ്ശൂർ അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പിതാവിനോടുള്ള ആദരസൂചകമായി പുഷ്‌പചക്രങ്ങൾക്കു പകരം സാരിയോ മറ്റു തുണിത്തരങ്ങളോ സമർപ്പിക്കാമെന്നും അത് പിന്നീട് ആവശ്യക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതാണെന്നും തൃശൂര്‍ അതിരൂപത അറിയിച്ചു.
മൃതസംസ്‌കാരശുശ്രൂഷയുടെ ഒന്നാംഘട്ടം സെപ്റ്റംബർ 21 ന് 11.30 നു തൃശ്ശൂർ അതിരൂപതമന്ദിരത്തിൽ നടന്നു. ഉച്ചയ്ക്ക് 1.30നു തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂര്‍ദ് പള്ളിയിലേക്ക് വിലാപയാത്ര നടന്നു. തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിനും സൗകര്യമുണ്ടായിരുന്നു.