സിറിയൻ ക്രൈസ്തവരുടെ കാവലാൾ ആർച്ച് ബിഷപ്പ് ജീൻ ക്ലെമന്റ് ജീൻബർട്ട് അന്തരിച്ചു

 
2222

ആലപ്പോ: സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെയും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരതയുടെയും അതികഠിനമായ ഘട്ടങ്ങളിൽ വിശ്വാസികൾക്ക് പ്രത്യാശ പകർന്ന് നിലകൊണ്ട ആലപ്പോ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് ജീൻ ക്ലെമന്റ് ജീൻബർട്ട് (83) അന്തരിച്ചു. ഫ്രാൻസ് സന്ദർശനത്തിനിടെ മെയ് ഒൻപതിനായിരുന്നു അന്ത്യം. 1995 മുതൽ 2021 വരെ നീണ്ട കാൽ നൂറ്റാണ്ടിലധികം കാലം ആലപ്പോ അതിരൂപതയെ നയിച്ച അദ്ദേഹം, സിറിയയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പിനായുള്ള ഏറ്റവും ശക്തനായ വക്താവായിരുന്നു.

സിറിയൻ യുദ്ധകാലത്ത് കടുത്ത ഭീഷണിയെ തുടർന്ന് പലരും രാജ്യം വിട്ടുപോയപ്പോൾ പോലും ജന്മനാടായ ആലപ്പോ വിട്ടു പലായനം ചെയ്യാൻ ബിഷപ്പ് ജീൻ ക്ലെമന്റ് തയ്യാറായില്ല. നിരന്തരമായ ബോംബാക്രമണങ്ങളും നാശനഷ്ടങ്ങളും നാടിനെ വേട്ടയാടിയപ്പോഴും സഭയുടെ മേൽ തനിക്കുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് അദ്ദേഹം അവിടെ തന്നെ തുടരുകയായിരുന്നു. സർവ്വതും നഷ്ടപ്പെട്ട വിശ്വാസികളെ ചേർത്തുപിടിച്ച അദ്ദേഹം, 'എയിഡ് ടു ദ ചർച്ച് ഇൻ നീഡ്' (ACN) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ വഴി നാട്ടിലേക്ക് വലിയ തോതിൽ ജീവകാരുണ്യ സഹായങ്ങൾ ലഭ്യമാക്കി. “സിറിയയിലെ ക്രൈസ്തവർ ഇന്നും നിലനിൽക്കുന്നത് ദൈവപരിപാലനയിലാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1943-ൽ ആലപ്പോയിലെ ഒരു മെൽക്കൈറ്റ് കത്തോലിക്കാ കുടുംബത്തിൽ 12 മക്കളിൽ ആറാമനായാണ് ജീൻബർട്ട് ജനിച്ചത്. 11-ാം വയസ്സിൽ സെമിനാരിയിൽ പ്രവേശിച്ചുവെങ്കിലും ചില കാരണങ്ങളാൽ പിന്നീട് അവിടെനിന്നും മടങ്ങി. എന്നാൽ വൈദികനാകാനുള്ള ആഗ്രഹം ഉപേക്ഷിക്കാതെ വീണ്ടും പരിശീലനത്തിൽ ഏർപ്പെടുകയും 1968-ൽ തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു.

യുവജനങ്ങൾക്കായുള്ള സവിശേഷമായ ശുശ്രൂഷകളിലൂടെ സഭയിൽ വളരെ പെട്ടെന്ന് ശ്രദ്ധേയനായ അദ്ദേഹം, 1995 സെപ്റ്റംബർ 16-നാണ് മെത്രാനായി അഭിഷിക്തനായത്. ആഭ്യന്തര യുദ്ധം ഏൽപ്പിച്ച ഇരുണ്ട നാളുകളിൽ സിറിയൻ ജനതയ്ക്ക് പ്രത്യാശയുടെ പ്രതീകമായിരുന്ന പ്രിയപ്പെട്ട മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ സിറിയൻ ക്രൈസ്തവ സമൂഹം ഒട്ടാകെ അഗാധമായ ദുഃഖത്തിലാണ്.

Tags

Share this story

From Around the Web