ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കോഴിക്കോട് പൗരാവലിയുടെ ആദരം

കോഴിക്കോട്: കോഴിക്കോട് അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ട ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കോഴിക്കോട് പൗരാവലിയുടെ ആദരം.
കോഴിക്കോട് ആസ്ഥാനമായുള്ള മതാന്തര സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണിയുടെ (മിഷ്) നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ് നടത്തിയത്.
വൈഎംസിഎ ക്രോസ് റോഡിലെ മറീന റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ജനബ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകമര്‍ദ്ദനന്ദ പുരി എന്നിവര്‍ അധ്യക്ഷത വഹിച്ചു. സമാധാനത്തിനും അനുകമ്പ യ്ക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമുള്ള ആര്‍ച്ചുബിഷപ് ചക്കാലയ്ക്കലിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ഇരുവരും അഭിനന്ദനം അര്‍പ്പിച്ചു.
കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. കത്തോലിക്കാ സഭയ്ക്കുള്ളില്‍ മാത്രമല്ല, കോഴിക്കോട്ടെ നാഗരികവും വിദ്യാഭ്യാസപരവുമായ മേഖലയില്‍ ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കലിന്റെ സ്വാധീനത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ മേയര്‍ വിവരിച്ചു.
എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ മേഖലയിലുടനീളം മതാന്തര സംഭാഷണം, സമഗ്രവികസനം, സാമൂഹിക ഐക്യം എന്നിവ വളര്‍ത്തുന്നതില്‍ ഡോ. ചക്കാല്ക്കല്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
പി. വി. ചന്ദ്രന്‍, പി. കെ. അഹമ്മദ്, ഷെവലിയര്‍ സി. ഇ. ചാക്കുണ്ണി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ആര്‍ച്ചുബിഷപ്പിന് മെമ്മന്റോകള്‍ നല്‍കി.
ആര്‍ച്ചുബിഷപ് ചക്കാലക്കല്‍ മറുപടി പ്രസംഗം നടത്തി. സ്‌നേഹ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ കഴിയുന്ന സ്‌നേഹത്തിന്റെ ഒരു വിപ്ലവം നാം ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ അന്തസ്, തടസങ്ങളില്ലാത്ത സേവനം, സമൂഹ ത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ ആജീവനാന്ത പ്രതിബദ്ധത ഡോ. ചക്കാലയ്ക്കല്‍ ആവര്‍ത്തിച്ചു.