ആർച്ച് ബിഷപ്പ് ആന്റണി ഫിഷറിനെ ക്രിസ്തിയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡികാസ്റ്ററിയിൽ ഉൾപ്പെടുത്തി ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തിയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡികാസ്റ്ററിയിൽ സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒപിയെ ഉൾപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പ മരണപ്പെടുന്നതിന് മുമ്പ് ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒപിയെ വിശ്വാസ സിദ്ധാന്തത്തിനായുള്ള ഡിക്കാസ്റ്ററിയിൽ മൂന്നാം തവണയും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ പിന്തുടർച്ചയായാണ് പുതിയ നിയമനം.
നിയമനത്തിൽ താൻ സന്തോഷവാനാണെന്ന് ആർച്ച് ബിഷപ്പ് പ്രതികരിച്ചു."ഞാൻ മറ്റൊരു നിയമനം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ലിയോ മാർപാപ്പയോട് നന്ദിയുള്ളവനാണ്."- ആർച്ച് ബിഷപ്പ് പറഞ്ഞു.
" ക്രിസ്തു തന്നിൽ വിശ്വസിക്കുന്ന എല്ലാവരും ഒന്നായിരിക്കണമെന്ന് പ്രാർത്ഥിച്ചു. അതിനാൽ ഐക്യം, ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം ആഗ്രഹിക്കുന്ന ഒന്നാണ്. സിഡ്‌നിയിലെ സഭയ്ക്ക് നിരവധി ഓർത്തഡോക്സ് സമൂഹങ്ങളുമായും ആംഗ്ലിക്കൻമാരുമായും മറ്റ് പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളുമായും അടുത്ത ബന്ധമുണ്ട്. സഭ മൊത്തത്തിലുമുള്ള ക്രിസ്തിയ ഐക്യം ലക്ഷ്യം മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്." ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
സഭയെ ശക്തിപ്പെടുത്താനും മറ്റ് സഭകളുമായും സഭാ സമൂഹങ്ങളുമായും ഉള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് 1960 ൽ ജോൺ പതിമൂന്നാമൻ മാർപാപ്പയാണ് ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി സ്ഥാപിച്ചത്. ഓസ്‌ട്രേലിയയിൽ എല്ലാ വർഷവും പെന്തക്കോസ്ത് ദിനത്തിൽ നടക്കുന്ന ക്രിസ്ത്യൻ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരമാണ് അതിന്റെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങുകളിലൊന്ന്.