ആറന്മുള വിവാദ പദ്ധതി: സാങ്കേതികമായ തടസമില്ല, ഐടി സ്പെഷ്യൽ സെക്രട്ടറിയുടെ കുറിപ്പിന്റെ വിശദാംശങ്ങള്‍ പുറത്ത്

ആറന്മുള വിവാദ പദ്ധതിക്കായി വീണ്ടും നടത്തിയ നീക്കത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് . ചീഫ് സെക്രട്ടറിതല യോഗ തീരുമാനത്തിന് വിരുദ്ധമായി ഐടി സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു കുറിപ്പെഴുതി. പദ്ധതി ഉപേക്ഷിക്കാനുള്ള അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് ചില വ്യക്തതകൾ കൂടി വേണമെന്നാണ് കുറിപ്പ്.
പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങുന്നത് കരഭൂമിയിലും രണ്ടാംഘട്ടം തരംമാറ്റിയ നെൽവയൽ ഭൂമിയിലും ആയതിനാൽ സാങ്കേതികമായ തടസമില്ലെന്നാണ് ഐടി സെക്രട്ടറിയുടെ കുറിപ്പ്. കളക്ടറുടെ റിപ്പോർട്ടിന് ശേഷം പദ്ധതി തുടരണോ, വേണ്ടയോയെന്ന് തീരുമാനിക്കാമെന്നും ശ്രീറാം സാംബശിവ റാവുവിന്റെ കുറിപ്പില്‍ പറയുന്നു.
ചീഫ് സെക്രട്ടറിതല യോഗം വേണ്ടെന്ന് തീരുമാനിച്ച പദ്ധതിയുടെ സാധ്യത തേടി ഐടി സെക്രട്ടറി കളക്ടർക്ക് കത്ത് നൽകിയിരുന്നു. ഐടി സെക്രട്ടറിയുടെ കത്തും മിനിട്സിൻ്റെ പകർപ്പും പുറത്ത് വന്നതോടെയാണ് വിഷയം ചർച്ചയായത്. ഏപ്രില്‍ 10ന് ആണ് ചീഫ് സെക്രട്ടറിതല മീറ്റിങ് നടന്നത്. യോഗത്തില്‍ വിവിധ വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തിരുന്നു. ആറന്മുള കോഴഞ്ചേരി താലൂക്കിലെ 335 ഏക്കർ സ്ഥലത്ത് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ തുടങ്ങാനുള്ള ടോഫൽ കമ്പനിയുടെ അപേക്ഷ തള്ളിക്കളയാനായിരുന്നു യോഗ തീരുമാനം. കൃഷി, റവന്യൂ, വകുപ്പുകളുടെ ശക്തമായ എതിർപ്പും ധന, നിയമ, വ്യവസായ, പരിസ്ഥിതി സെക്രട്ടറിമാരുടെ വിയോജിപ്പും കണക്കിലെടുത്താണ് പദ്ധതി ഉപേക്ഷിക്കാൻ ചീഫ് സെക്രട്ടറി തീരുമാനമെടുത്തത്. ഈ യോഗത്തിന് പിന്നാലെ, ഏപ്രില്‍ 30ന് ആണ് ഐടി സെക്രട്ടറി ശ്രീറാം സാംബശിവ റാവു കളക്ടർക്ക് കത്തെഴുതിയത്. നിർദ്ദിഷ്ട ഭൂമിയുടെ സ്വഭാവം, അളവ് എന്നിവ നൽകണമെന്നായിരുന്നു കത്തിലെ നിർദേശം.
ആറന്മുളയിൽ നടത്തുന്ന പുതിയനീക്കത്തെ പറ്റി ഗൗരവമായി അന്വേഷിക്കണമെന്നായിരുന്നു വാർത്ത പുറത്തു വന്നതിനു പിന്നാലെ കൃഷി മന്ത്രി പി. പ്രസാദിന്റെ പ്രതികരണം. നിയമത്തെ അട്ടിമറിക്കുന്ന ഒരു നിലപാടിനൊപ്പം സർക്കാർ നിൽക്കില്ല. കൃഷിവകുപ്പ് നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് അതിൽ നിന്നും പിന്നോട്ടില്ലെന്ന് പി. പ്രസാദ് പറഞ്ഞു.