ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനമുണ്ടായ ഗ്രാമത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം സ്തംഭിച്ചു

മേഘവിസ്‌ഫോടനമുണ്ടായ ധാരാലിക്ക് സമീപപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍. രാത്രിയുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഗതാഗതം സ്തംഭിച്ചു. ഉത്തരകാശിയിലേക്ക് സഞ്ചരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പടെ കുടുങ്ങിയെന്നാണ് വിവരം.
മണ്ണ് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിച്ച് വരികയാണ്. ദേശീയ പാതയ്ക്ക് കുറുകെ മലവെള്ളവും ചളിയും ഒഴുകിയെത്തിയാണ് ഗതാഗതം സ്തംഭിച്ചത്. 18ഓളം ഇടങ്ങളില്‍ മണ്ണിടിഞ്ഞുവെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.
അതേസമയം കഴിഞ്ഞ ദിവസം ഉത്തരകാശിയിലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് സൈനികരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഹാര്‍സില്‍ മേഖലയിലെ ക്യാമ്പില്‍ നിന്നാണ് കാണാതായത്. ഹാര്‍സില്‍ റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
സ്ഥിരീകരിച്ച കണക്കുകള്‍ അനുസരിച്ച് ദുരന്തത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അന്‍പതോളം പേരെ കാണാതായി. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലത്തില്‍ ഉത്തരകാശിയിലെ ധരാലി ഗ്രാമം ഒലിച്ചുപോയി.
കനത്ത നാശനഷ്ടങ്ങള്‍ക്കിടയില്‍ മരണ സംഖ്യ കൂടുതല്‍ ഉയരുവാനാണ് സാധ്യത.നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ഉരുള്‍പൊട്ടിയ ധരാലിക്ക് മുകളിലായി ഒരു തടാകം രൂപപ്പെട്ടിരിക്കുകയാണ്. ഇതില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് വിവരങ്ങള്‍ തേടി.