വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

 
vedan

തിരുവനന്തപുരം: റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും പരാതികള്‍. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും പരാതി വന്നത്. രണ്ടു യുവതികളും മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. രണ്ടാമത്തെ പരാതി 2021ലെ സംഭവവുമായി ബന്ധപ്പെട്ടാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ വേടന്‍ ഇപ്പോള്‍ ഒളിവിലാണ്.

2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു ബലാത്സംഗക്കേസിന് ആധാരമായ യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

Tags

Share this story

From Around the Web