അനോഷ് കണ്ണു തുറന്നു, മരുന്നുകളോട് പ്രതികരിക്കുന്നു; വെന്റിലേറ്ററില്‍ നിന്ന് ഉടന്‍ മാറ്റിയേക്കും, പ്രതീക്ഷയോടെ നാട്

 
-

തൃശൂര്‍: കോടാലിയില്‍ പാമ്പ് കടിയേറ്റ പത്തുവയസുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടി മരുന്നുകളോടും ചികിത്സയോടും അനുകൂലമായി പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. അനോഷിനെ ഉടന്‍ തന്നെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ സഹോദരന്‍ ആണ് അനോഷ്.

ആല്‍ജോ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തിന് അനോഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് ഏറെ ആശ്വാസകരമായിരിക്കുകയാണ്. ഇന്നലെയാണ് അനോഷ് കണ്ണ് തുറന്നത്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കുട്ടി പ്രതികരിക്കുന്നതായാണ് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

കുട്ടി പോസിറ്റീവ് റെസ്‌പോണ്‍സ് കാണിക്കുകയാണെങ്കില്‍ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ ഉണ്ടായ പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കുടുംബവും നാട്ടുകാരും. ഇന്നലെയായിരുന്നു ആല്‍ജോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Tags

Share this story

From Around the Web