അനിൽ ആന്റണി കേന്ദ്രമന്ത്രിസഭയിലേക്ക്? ബിജെപിയിൽ നിർണ്ണായക നീക്കം
ന്യൂഡൽഹി: അനിൽ ആന്റണിയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന. ബിജെപി കേന്ദ്ര നേതൃത്വം ഇതിനായുള്ള അണിയറ നീക്കങ്ങൾ സജീവമാക്കിയതായാണ് റിപ്പോർട്ടുകൾ. ജോർജ് കുര്യന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് അനിൽ ആന്റണിയെ പരിഗണിച്ചേക്കും.
കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരു രാജ്യസഭാംഗത്തെയും കേന്ദ്രമന്ത്രിയെയും കണ്ടെത്തുകയെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അഭിമാന പദ്ധതിയായ 'ഒരിന്ത്യ, ഒരൊറ്റ തെരഞ്ഞെടുപ്പി'ന്റെ ദേശീയ കോർഡിനേറ്ററായി അനിൽ ആന്റണി പ്രവർത്തിച്ചുവരികയാണ്. സംഘടനാപരമായ ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് അനുകൂലഘടകമായി മാറുമെന്നാണ് വിലയിരുത്തൽ.
കേന്ദ്രമന്ത്രിസഭയിൽ വരാനിരിക്കുന്ന പുനഃസംഘടനയിൽ അനിൽ ആന്റണിക്ക് ഇടം ലഭിക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന നേതൃത്വവുമായി കേന്ദ്ര നേതൃത്വം പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. രാജീവ് ചന്ദ്രശേഖറുമായും കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്.
അതേസമയം, ബിജെപി മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിന് ഗവർണർ പദവി നൽകുന്ന കാര്യവും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ജൂലൈയിൽ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.