ലെയോ പാപ്പ സന്ദർശിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ പട്ടികയിൽ അംഗോളയും
ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള തന്റെ ആദ്യ അപ്പസ്തോലിക യാത്രയിൽ അംഗോള സന്ദർശിക്കാൻ ലെയോ പതിനാലാമൻ പാപ്പ പദ്ധതിയിടുന്നതായി ദക്ഷിണാഫ്രിക്കൻ രാജ്യത്തെ അപ്പസ്തോലിക ന്യൂൺഷ്യോ പ്രഖ്യാപിച്ചു. ഡിസംബർ 13 ന് ഒരു പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗോളയിലെ കത്തോലിക്കാ ബിഷപ്പുമാരിൽ നിന്നും രാജ്യത്തിന്റെ പ്രസിഡന്റ് ജോവോ ലോറൻസോയിൽ നിന്നുമുള്ള ക്ഷണം പരിശുദ്ധ പിതാവ് സ്വീകരിച്ചതായി ആർച്ച്ബിഷപ്പ് ക്രിസ്പിൻ വിറ്റോൾഡ് ഡുബീൽ സ്ഥിരീകരിച്ചു. എന്നാൽ, സന്ദർശനത്തിന്റെയും പരിപാടികളുടെയും സമയക്രമങ്ങളും യാത്രാവിവരങ്ങളും അന്തിമമാക്കിയിട്ടില്ല.
“അംഗോളിയൻ ജനതയെ രൂപപ്പെടുത്തിയ മൂല്യങ്ങൾ വീണ്ടും കണ്ടെത്തുന്നതിനും ലോകമെമ്പാടും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന സമൂഹങ്ങളുമായി ഈ മൂല്യങ്ങൾ പങ്കിടുന്നതിനുമുള്ള അവസരമായി പരിശുദ്ധ പിതാവിന്റെ സന്ദർശനം മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – അംഗോളയിലെ വത്തിക്കാൻ നയതന്ത്രജ്ഞൻ പറഞ്ഞു. അദ്ദേഹം സാവോ ടോമിലെയും പ്രിൻസിപ്പെയിലെയും പരിശുദ്ധ പിതാവിനെ പ്രതിനിധീകരിക്കുന്നു.
അംഗോളയിലെയും സാവോ ടോമിലെയും പ്രിൻസിപ്പെയിലെയും ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റും അംഗോളക്കാരോട് പാപ്പയുടെ സന്ദർശനത്തിനായി തയ്യാറെടുക്കുന്നതിനായി സ്ഥാപിക്കുന്ന കമ്മിറ്റികളിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു. അംഗോള സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചതിന് ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇംബംബ നന്ദി പറഞ്ഞു.