കൊളംബിയയിൽ ഐസുകൊണ്ടൊരു തിരുപ്പിറവി രംഗം
കൊളംബിയയിലെ ഫോണ്ടിബോൺ രൂപതയിലെ സാൻ കജേതാൻ ഇടവകയിലെ തിരുപ്പിറവി രംഗം ലോക ശ്രദ്ധയാകർഷിക്കുന്നു. കൊളംബിയൻ കമ്പനിയായ ഹിയേലോ ഇഗ്ലു ആണ് ഇത് സംഭാവന ചെയ്തത്. ഐസുകൊണ്ടാണ് തിരുപ്പിറവി രംഗങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
-12° യിൽ, ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചിരിക്കുന്ന ഈ തിരുപ്പിറവി രംഗം കാണാൻ ഒരുപാട് സന്ദർശകർ എത്തിച്ചേരുന്നു. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം ഒരു മാസമെടുത്തു. തിരുക്കുടുംബം, ജ്ഞാനികൾ, മാലാഖ തുടങ്ങിയവയെല്ലാം ഐസുകൊണ്ട് ചിത്രീകരിച്ചിരിക്കുന്നു.
“ബൊഗോട്ടയിൽ ഒരിക്കലും ഒരു ഐസ് തിരുപ്പിറവി രംഗം ഉണ്ടായിട്ടില്ല. കൊളംബിയയിലും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല, ഞങ്ങൾ ഗവേഷണം നടത്തിയിടത്തോളം, അമേരിക്കയിൽ മറ്റൊരിടത്തും ഇത് ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇതിനെ ‘കൊളംബിയയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന് വിളിക്കുന്നത്.” കൊളംബിയൻ തലസ്ഥാനമായ ഹിയേലോ ഇഗ്ലുവിന്റെ മാനേജരായ ആൻഡേഴ്‌സൺ ഗാർസിയ ഗിരാൾഡോ പറഞ്ഞു.
ഈ മനോഹര ദൃശ്യത്തെ വിശ്വാസികളും തീർത്ഥാടകരും വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.