'ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല': സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!''- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.