കുർബാനയെ അവഹേളിച്ച വൈദീകരെ ചേർത്ത് പിടിച്ച് സഭാ നേതൃത്വം  പ്രസാദഗിരി പള്ളിയിൽ 82 വയസ്സുള്ള വൈദീകനെ കുർബാന മധ്യേ അടിച്ചു വീഴ്ച്ത്താൻ നേതൃത്വം നൽകിയ വൈദീകനും ഇന്ന് നല്ല പദവിയിൽ
 

 
prasda

കൊച്ചി: സിറോ മലബാർ സഭയിൽ കുർബാനയെ അവഹേളിക്കുന്ന സംഭവങ്ങൾ നടന്നതിന് പരിഹാരമായി സെപ്റ്റംബർ 12 വെള്ളിയാഴ്ച ഒരു മണിക്കൂർ ആരാധന നടത്താനുള്ള സഭാ നേതൃത്വത്തിന്റെ ആഹ്വാനത്തിനെതിരെ വിശ്വാസികൾ. കുർബാനയെ അവഹേളിക്കുന്നതിൽ മുൻപന്തിയിൽ നിന്ന വൈദീകർക്കെതിരെ നടപടിയെടുക്കാതെ വിശ്വാസികൾ പ്രായശ്ചിത്തം ചെയ്യുന്നത് എന്തിനെന്ന ചോദ്യമാണ് വിശ്വാസികൾ ഉയർത്തുന്നത്.

ഇതര മത വിശ്വാസികൾ പോലും ബഹുമാനിക്കുന്ന കുർബാനയർപ്പണത്തെ ഏറ്റവും മോശമാക്കിയത് എറണാകുളം - അങ്കമാലി അതിരൂപതയിലെ തർക്കങ്ങളാണ്. കുർബാന മധ്യേയായിരുന്നു വിമതർ പല പള്ളികളിലും തല്ലുണ്ടാക്കിയത്.

എറണാകുളം- അങ്കമാലി അതിരൂപത  ബസിലിക്കയിൽ 2022ൽ  ക്രിസ്തുമസ് തലേന്ന്  ഒരേ അപ്പവും വീഞ്ഞും ഉപയോഗിച്ചു റിലേ കുർബാന ചൊല്ലി   കുർബാനയെ അവഹേളിച്ചത് മുതൽ തുടങ്ങിയതാണ് പ്രശ്നങ്ങൾ. അന്ന് അതിന് നേതൃത്വം നൽകിയ  34 വൈദീകരെ  കാനോനിക നടപടികൾക്ക് വിധേയരാക്കണമെന്ന് വത്തിക്കാൻ നിർദേശിച്ചിരുന്നു.

എന്നാൽ  ഫ്രാൻസിസ് പാപ്പാ അടക്കം ആവശ്യപ്പെട്ടിട്ടും  ഇവർക്കെതിരെ നടപടി ഒന്നും എടുത്തില്ല. പിന്നീട് അങ്ങോട്ട് കുർബാനയെ അവഹേളിക്കുന്ന സംഭവങ്ങൾ നിരന്തരം നടന്നു.

വൈക്കം പ്രസാദഗിരിപള്ളിയിൽ കുർബാന തടസ പ്പെടുത്തി, 82 വയസ്സുള്ള വൈദീകനെ കുർബാന മധ്യേ  ചവുട്ടി വീഴ്ത്താൻ നേതൃത്വം നൽകിയത് മറ്റൊരു വൈദീകനായിരുന്നു. ബസലിക്കയിൽ കുർബാനയുമായി എത്തിയ പൊന്തിഫിക്കൽ ഡെലഗേറ്റിനെ കുപ്പിയെറിഞ്ഞത് തീരാകളങ്കമായി.

ഇതൊക്കെ ചെയ്ത വൈദീകരെ സംരക്ഷിക്കുകയായിരുന്നു സഭാ നേതൃത്വം.  ഇവർക്കെതിരെ കാനോനിക നടപടികൾ ഒന്നും സ്വീകരിക്കാതെ കുർബാന വിലക്കിയവർക്ക് ഇഷ്ടപ്പെട്ട സ്ഥാനങ്ങളിൽ നിയമനം നൽകി. കുറ്റാരോപിതരായ പുരോഹിതരുടെ വിചാരണ പോലും മരവിപ്പിക്കാൻ സമാനതകളില്ലാത്ത ഇടപെടൽ നടത്തി. 

ഇതൊക്കെ ചെയ്ത നേതൃത്വം ഏറ്റവും ഒടുവിൽ എല്ലാം വിശ്വാസികളുടെ തലയിലിട്ട് രക്ഷപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും വിശ്വാസികൾ പറയുന്നു. കുർബാനയെ അവഹേളിച്ച വൈദീകർക്കെതിരെ നടപടിയെടുത്ത ശേഷം   പ്രായശ്ചിത്തവും പരിഹാരവും മതിയെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നുണ്ട്.

Tags

Share this story

From Around the Web