അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത് 12 പേർ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ 12 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. പരിശോധന കാര്യക്ഷമമായി നടത്തുന്നത് കൊണ്ടാണ് കൂടുതൽ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്
ശനിയാഴ്ച മലപ്പുറം വണ്ടൂർ സ്വദേശിനിക്ക് കൂടി അമീബിക് മസ്തികജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 12 ആയി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗത്തിൻറെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ഇതിനിടെ, കഴിഞ്ഞദിവസം വയനാട് സുൽത്താൻ ബത്തേരി സ്വദേശി രോഗം വന്ന് മരണപ്പെട്ടിരുന്നു. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം സ്വദേശി റംലയും കോഴിക്കോട് താമരശ്ശേരി സ്വദേശി ഒമ്പത് വയസുകാരി അനയയും നേരത്തെ മരിച്ചിരുന്നു.
അന്താരാഷ്ട്രതലത്തിൽ മരണനിരക്ക് കൂടിയ രോഗമായ അമീബിക് മസ്തിഷ്ക ജ്വരത്തെ കൂടുതൽ പരിശോധന നടത്തിയും, വിദഗ്ധ ചികിത്സയും നൽകിയാണ് രോഗവ്യാപനത്തെ സംസ്ഥാനം പിടിച്ചുനിർത്തുന്നത്. കഴിഞ്ഞവർഷം 36 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
രോഗത്തെ നേരിടാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നും, മറ്റ് ചികിത്സ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. കഴിഞ്ഞമാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു