A.M.M.A ഭാരവാഹി തെരഞ്ഞെടുപ്പ്: കൊമ്പുകോർക്കാൻ താരങ്ങൾ, കൂടുതൽ പേർ മത്സര രംഗത്തേക്ക്, മുൻ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ മൂന്ന് സംഘങ്ങളാണ് ഇക്കുറി മത്സരിക്കാൻ കച്ചകെട്ടുന്നത്

താരസംഘടനയായ A.M.M.Aയിലെ ഭാരവാഹി തെരഞ്ഞെടുപ്പിൽ കൂടുതൽ പേർ മത്സരരംഗത്ത് സജീവമാകുന്നു. മുൻ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ മൂന്ന് സംഘങ്ങളാണ് ഇക്കുറി മത്സരിക്കാൻ കച്ചകെട്ടുന്നത്.
നടൻ രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം മത്സരത്തിന് തയ്യാറെടുക്കുന്നുണ്ട്. അതിന് പുറമെ 'അമ്മയുടെ പെൺമക്കൾ' എന്ന വാട്സ് ആപ്പ് കൂട്ടായ്മയിൽ നിന്നും പൊന്നമ്മ ബാബുവും ഉഷ ഹസീനയും ചേർന്ന് നവ്യ നായരെ മത്സരിപ്പിക്കാൻ രംഗത്തിറക്കുന്നുണ്ട്.
ബൈജു സന്തോഷ്, ശ്വേത മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ സംഘവും രംഗത്തുണ്ട്. ഇതിന് പുറമെ ഒറ്റയാനായി മത്സരിക്കാൻ ഇടവേള ബാബുവും തയ്യാറെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിലെ കമ്മിറ്റിയിൽ നിന്നും വിനു മോഹൻ, സരയൂ, ജോമോൾ, അനന്യ എന്നിവർ മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം അംഗങ്ങൾക്ക് കടുത്ത എതിർപ്പുണ്ട്. ജൂലൈ 16 മുതൽ അമ്മയിൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്. രാവിലെ വോട്ടെടുപ്പിന് ശേഷം വൈകിട്ട് ഫലപ്രഖ്യാപനമുണ്ടാകും. തുടർന്ന് പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.
അമ്മ സംഘടനയിലെ 506 അംഗങ്ങളിൽ 300 പേരും സ്ത്രീകളാണ്. എന്നിട്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാലെണ്ണം മാത്രമാണ് സ്ത്രീകൾക്ക് സംവരണമായി ഉള്ളത്.