അമിത് ഷാ ഇനിയും വരും വലിയ കള്ളങ്ങളുമായി; ദുരന്തങ്ങള്‍ വന്നപ്പോള്‍ കേരളത്തെ കൈയ്യയച്ചു സഹായിച്ചെന്നത് മുഴുത്ത കള്ളം: ജോണ്‍ ബ്രിട്ടാസ്

ദുരന്തങ്ങള്‍ വന്നപ്പോള്‍ കേരളത്തെ കൈയ്യയച്ചു സഹായിച്ചു എന്ന് അമിത് ഷാ പറഞ്ഞത് മുഴുത്ത കള്ളമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സംസ്ഥാന നികുതി വിഹിതം അടക്കം കേന്ദ്ര ധന കമ്മീഷന്‍ അനുവദിച്ച തുകയെപ്പറ്റിയാണ് പറഞ്ഞത്. ഇതിനെ 'കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന' ആയി അമിത് ഷാ വളച്ചൊടിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിന്റെ നികുതി സംഭാവന ഉള്‍പ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷന്‍ അനുവദിച്ച തുകയില്‍ നിന്ന് സംസ്ഥാനത്തിന് പണം നല്‍കുന്നതിനെയാണ് 'കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന' ആയി അമിത് ഷാ വളച്ചൊടിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
വയനാട് ദുരന്തത്തില്‍പെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്ന ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം പോലും മാനിക്കാന്‍ തയ്യാറാവാത്തവരാണ് സഹായഹസ്തത്തിന്റെ കഥയുമായി രംഗത്ത് വരുന്നത്. തങ്ങളുടെ ഇഷ്ടക്കാരുടെയും വ്യവസായികളുടെയും വായ്പ എഴുതിത്തള്ളിയതിന്റെ കണക്ക് കേട്ടാല്‍ ആര്‍ക്കാണെങ്കിലും ബോധക്കേട് വരും. കഴിഞ്ഞ 11 വര്‍ഷക്കാലത്തിനിടയില്‍ 17 ലക്ഷം കോടി രൂപയാണ് നമ്മുടെ ബാങ്കുകള്‍ ഈ ഇനത്തില്‍ എഴുതിത്തള്ളിയതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
132.61 കോടി രൂപയാണ് വയനാട്ടിലെ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ ഹെലികോപ്റ്റര്‍ പറത്തിയ വകയില്‍ കേരളത്തിന് മേല്‍ കേന്ദ്രം ചുമത്തിയ ഭാരം (ചോദ്യോത്തര രേഖ താഴെ). അമിത് ഷാ ഇനിയും വരും, വലിയ വലിയ കള്ളങ്ങളുമായി, കാത്തിരിക്കാമെന്നും അദ്ദേഹം കുറിച്ചു.