വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തി, പ്രതിപക്ഷനേതാവ് കടുത്ത അതൃപ്തിയിൽ

തിരുവനന്തപുരം: രാഹുല്‍ നിയമ സഭ സമ്മേളനത്തില്‍ എത്തി. പ്രതിപക്ഷനേതാവ് കടുത്ത അതൃപ്തിയിലാണ്. എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ സഭയില്‍ എത്തിയത്. രാഹുലിനൊപ്പം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും ഉണ്ടായിരുന്നു. നിയമസഭയില്‍ ഇന്ന് ചരമോപചാര ചടങ്ങുകള്‍ മാത്രമാണ് ഇന്നുള്ളത്.
രാഹുലിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഭരണപക്ഷ തീരുമാനം. പ്രതിപക്ഷം എങ്ങനെ അതിനെ പ്രതിരോധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. സര്‍ക്കാരിനെതിരെ കസ്റ്റഡി മര്‍ദന വിഷയങ്ങള്‍ ഉള്‍പ്പെടെ ഉന്നയിച്ച് പ്രതിരോധത്തിലാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.
ഈ ഘട്ടത്തില്‍ രാഹുല്‍ സഭയില്‍ എത്തിയാല്‍ ശ്രദ്ധ മുഴുവന്‍ രാഹുലില്‍ ആകുമെന്നതിനാല്‍ സഭയിലേക്ക് എത്തരുത് എന്നായിരുന്നു ഭൂരിപക്ഷ നേതാക്കളുടെയും അഭിപ്രായം. നേതൃത്വത്തെ മറികടന്ന് സഭയിലെത്തിയ രാഹുൽ പ്രത്യേക ബ്ലോക്കിലായിരിക്കും.
പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമസഭയിൽ പോകരുതെന്ന് രാഹുലിനോട് ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ചാണ് രാഹുല്‍ സഭയിലെത്തിയത്.
15–ാം കേരള നിയമസഭയുടെ 14–ാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഒക്‌ടോബർ 10വരെയാണ് സഭ ചേരുക. മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം.