ആലിന്റെ കരൾ ഇനി ധ്രിയയിൽ തുടിക്കും, അപൂർവ്വ ശസ്ത്രക്രിയ വിജയകരം, കുഞ്ഞ് ആശുപത്രി വിട്ടു

 
wwww

തിരുവനന്തപുരം: മരണത്തിന് മുന്നിൽ പകച്ചുനിന്ന ആറുമാസം പ്രായമുള്ള ധ്രിയ എന്ന പെൺകുഞ്ഞിന് ഇനി രണ്ടാം ജന്മം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന്റെ കരൾ സ്വീകരിച്ചാണ് ധ്രിയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. സങ്കീർണ്ണമായ ശസ്ത്രക്രിയക്കൊടുവിൽ പൂർണ്ണ ആരോഗ്യവതിയായ കുഞ്ഞ് ആശുപത്രി വിട്ടു.

കരളിനെ ബാധിക്കുന്ന 'ബിലിയറി അട്രേഷ്യ' എന്ന ഗുരുതരമായ രോഗാവസ്ഥയിലായിരുന്നു കുഞ്ഞ് ധ്രിയ. നേരത്തെ ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗം ഭേദമായില്ല. കരൾ മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ അനുയോജ്യമായ അവയവത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കുടുംബം.

ഈ കാത്തിരിപ്പിനിടയിലാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിക്കുന്നത്. ആലിന്റെ മാതാപിതാക്കൾ എടുത്ത അവയവദാനമെന്ന ഉദാത്തമായ തീരുമാനം ധ്രിയയ്ക്ക് തുണയായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്റെ കരൾ ധ്രിയയിലേക്ക് മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ദാതാവിന്റേയും സ്വീകർത്താവിന്റേയും പ്രായക്കുറവ് ശസ്ത്രക്രിയയിൽ വലിയ വെല്ലുവിളിയായിരുന്നു. ഏകദേശം 12 മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ ധ്രിയ ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്.

Tags

Share this story

From Around the Web