നൈജീരിയയിലെ കത്തോലിക്ക സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ മുഴുവന്‍ വിദ്യാര്‍ത്ഥികളും മോചിതരായി
അബൂജ: കഴിഞ്ഞ മാസം നൈജീരിയയിലെ കത്തോലിക്ക സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 130 വിദ്യാർത്ഥികളും അധ്യാപകരും മോചിതരായതായി നൈജീരിയൻ അധികൃതർ സ്ഥിരീകരിച്ചു.
നൈജീരിയൻ സംസ്ഥാനമായ നൈജറിന്റെ സംസ്ഥാന പോലീസ് വക്താവ് വാസിയു അബിയോദൂനാണ് മോചന വിവരം സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോകലിന് തൊട്ടുപിന്നാലെ രക്ഷപ്പെടാൻ കഴിഞ്ഞ ആദ്യ 50 പേരുടെയും ഡിസംബർ ആദ്യം മോചിതരായ 100 പേരുടെയും കൂടെ ആകെ കണക്കാണ് അധികാരികള്‍ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം നൈജർ സംസ്ഥാനത്ത് പാപിരി എന്ന സ്ഥലത്തെ സെൻ്റ് മേരീസ് ബോർഡിംഗ് സ്‌കൂളിൽ നിന്നാണ് സായുധധാരികളുടെ സംഘം കത്തോലിക്ക സ്‌കൂൾ ആക്രമിച്ച് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയത്.
ആദ്യ ഘട്ടത്തില്‍ 50 പേര്‍ മോചിതരായെങ്കിലും ശേഷിക്കുന്നവരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരിന്നു. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികളും അവരുടെ സഹായികളും തുടർച്ചയായി നടത്തിവരുന്ന വ്യവസ്ഥാപിത ആക്രമണങ്ങളില്‍ വിശ്വാസികള്‍ ആശങ്കയിലാണ്. തുടര്‍ച്ചയായ തട്ടിക്കൊണ്ടുപോകലും ഭീഷണിയും വിശ്വാസികളെ വലിയ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.