ആലപ്പുഴ എക്സ്പ്രസിന്‍റെ കോച്ചിൽ പുഴുവരിച്ച് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം; അന്വേഷണമാരംഭിച്ചു

അറ്റക്കുറ്റപ്പണിക്കെത്തിച്ച ആലപ്പുഴ എക്സ്പ്രസിന്‍റെ കോച്ചിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം. കോച്ചിന്‍റെ ഫാൻ തകരാറിനെ തുടർന്നാണ് അറ്റക്കുറ്റപ്പണിക്കായി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ എത്തിച്ചത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
50 വയസ് പ്രായം വരുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തകരാറിനെ തുടർന്ന് കോച്ച് കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി നിർത്തിയിട്ടിരിക്കുകയാണ്. മൃതദേഹത്തിന് ഏഴ് ദിവസത്തോളം പഴക്കമുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി റെയിൽവേ പൊലീസ് പറഞ്ഞു.
റെയിൽവേ ജീവനക്കാരാണ് കോച്ചിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. യുവതി ഒന്നിലധികം വസ്ത്രം ധരിച്ച നിലയിലാണെന്നും അതിനാൽ ഭിക്ഷാടകയാകാൻ സാധ്യതയുണ്ടെന്നും പ്രാഥമിക നിഗമനം. കോച്ചിനടുത്തേക്ക് യുവതി നടന്നുവരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.