ഗോവിന്ദനും ആര്യയ്ക്കുമെതിരെ രൂക്ഷവിമർശനം, പിണറായിയുടെ ചെറ്റ പരാമർശം തിരിച്ചടിയായെന്ന് ആലപ്പുഴ സിപിഎം ജില്ലാ കമ്മറ്റി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സിപിഎം പാർട്ടി കമ്മിറ്റികളിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ പടയൊരുക്കം. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വീഴ്ചകൾക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗ ശൈലിക്കും എതിരെ അസാധാരണമായ വിമർശനങ്ങളാണ് ഉയർന്നത്. പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം നഷ്ടപ്പെട്ടെന്നും തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്നും നേതാക്കൾ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് നയിക്കുന്നതിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൂർണ്ണ പരാജയമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. ഭാര്യ മത്സരിച്ചതോടെ അദ്ദേഹം കണ്ണൂരിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കളില്ലെന്ന ഗോവിന്ദന്റെ പരാമർശത്തിന്, "അദ്ദേഹം എന്നാണ് പാർട്ടി പ്രവർത്തനം തുടങ്ങിയതെന്ന് തങ്ങൾക്കറിയാം" എന്ന് പറഞ്ഞാണ് പ്രതിനിധികൾ തിരിച്ചടിച്ചത്.
മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പ്രവർത്തനങ്ങൾ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന് മന്ത്രി വി. ശിവൻകുട്ടി യോഗത്തിൽ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആര്യയെ കാറിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ളവർ 'കാറിത്തുപ്പുന്ന' രീതിയിലാണ് പ്രതികരിച്ചത്. 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ബൂത്തുകളിൽ അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ഉടുമ്പൻചോലയിൽ എം.എം. മണിയെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടതാണ് അവിടെ പരാജയത്തിന് കാരണമായതെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി വിലയിരുത്തി. മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും മണിയെ മനഃപൂർവ്വം തഴഞ്ഞത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി. ദേവികുളത്തെ എ. രാജയുടെ തോൽവി അപ്രതീക്ഷിതമാണെന്നും പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്ന് കീഴ്ഘടകങ്ങൾ പരിശോധിക്കണമെന്നും ആവശ്യമുയർന്നു.
നേതാക്കളുടെ ധാർഷ്ട്യത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ തോൽവിയെന്നാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. സാധാരണക്കാരെ കണ്ടാൽ ചിരിക്കാൻ മറന്നവരായി സംസ്ഥാന നേതാക്കൾ മാറി. തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ചെറ്റ' പരാമർശം ജനങ്ങളെ പാർട്ടിക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. വികസന നായകൻ എന്ന നിലയിലുള്ള ജി. സുധാകരന്റെ പ്രതിച്ഛായയെ മറികടക്കാൻ കഴിഞ്ഞില്ലെന്നും, മുൻ എംഎൽഎ യു. പ്രതിഭയുടെ പെരുമാറ്റം ദോഷം ചെയ്തെന്നും യോഗത്തിൽ വിമർശനമുയർന്നു.