'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ..': വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുരേഷ് ഗോപി
തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
തൃപ്പൂണിത്തുറ എന്‍ എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമര്‍ശം നടത്തിയത്. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുളളവര്‍ ആ ഭയത്തില്‍ മുങ്ങിമരിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.
'കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കൂ എന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ സര്‍ക്കാരിനോട് 2015 മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല ഒരഞ്ച് ജില്ലകളുടെ പേര് തരൂ എന്നാണ് ആവശ്യപ്പെട്ടത്.
ഇപ്പോഴും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കുന്നത് അവരുടെ ഡിഎന്‍എയണ്. അവരത് ചെയ്തുകൊണ്ടേയിരിക്കട്ടെ.' സുരേഷ് ഗോപി പറഞ്ഞു.
പിഒഎസ് മെഷീനെക്കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ പച്ചക്കറി കടകളില്‍ വരെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വരുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ ഒരു വലിയ സാമ്പത്തിക വിദഗ്ദന്‍, സുപ്രീംകോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് കണ്ടതല്ലേ. 'പിന്നേ ഉരുളക്കിഴങ്ങും തക്കാളിയും വില്‍ക്കുന്നവര്‍ ഉടന്‍ തന്നെ പിഒഎസ് ഒക്കെ വച്ച് ഒണ്ടാക്കിക്കളയും.
അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോ. വൈഫൈ കണക്ഷനുണ്ടോ' എന്നൊക്കെയാണ് ചോദിച്ചത്. ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരുസംഘം ഇവിടെയെത്തിയപ്പോള്‍ അവരോട് സാധാരണക്കാരായ സ്ത്രീകള്‍ പറഞ്ഞത്, വീ ഡോണ്ട് ടേക്ക് കറന്‍സി എന്നാണ്. രാജ്യം ഇവിടെ വരെ എത്തിയെങ്കില്‍ കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ - സുരേഷ് ഗോപി പറഞ്ഞു.