അഹമ്മദാബാദ് വിമാനാപകടത്തിൽ ദുരൂഹതയെന്ന് വ്യോമയാന വിദഗ്ധർ, ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഒരിക്കലും തനിയെ ഓഫാകില്ല

അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ദുരൂഹത സംശയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വ്യോമയാന വിദഗ്ധർ. വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണമെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കണ്ടെത്തൽ.
ഇന്ധന സ്വിച്ചുകൾ ഒരു കാരണവശാലും തനിയെ റൺ മോഡിൽ നിന്ന് ഓഫ് മോഡിലേക്ക് മാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവിച്ചത് പിഴവോ, തകരാറോ എന്ന് റിപ്പോർട്ടിലും സ്ഥിരീകരണമില്ല. ഇന്ധന സാമ്പിൾ ഫലമെല്ലാം തൃപ്തികരമായതിനാൽ ഇന്ധന മലിനീകരണത്തെ തുടർന്നുള്ള ഇരട്ട എഞ്ചിൻ തകരാർ സാധ്യതയും റിപ്പോർട്ട് തള്ളുന്നു.
കോക്പിറ്റ് സംഭാഷണവും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച അന്വേഷണ സംഘം വിമാനത്തിന്റെ ലിഫ്റ്റ് ഓഫിന് തൊട്ടുപിന്നാലെ ഇന്ധന നിയന്ത്രണ സ്വിച്ച് റൺ മോഡിൽ നിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറിയെന്ന അനുമാനത്തിലാണ് എത്തിനിൽക്കുന്നത്.
രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഇത്തരത്തിൽ നീങ്ങി. നിങ്ങൾ എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് പൈലറ്റുമാരിലൊരാൾ ചോദിക്കുന്നുണ്ട്. താനങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു അടുത്ത പൈലറ്റിന്റെ മറുപടി.
കട്ട് ഓഫ് മോഡിൽ നിന്ന് നിമിഷങ്ങൾക്കകം സ്വിച്ചുകൾ റൺ മോഡിലേക്ക് തന്നെ മാറി. എഞ്ചിനുകളുടെ ത്രസ്റ്റ് വീണ്ടെടുക്കാനുള്ള പൈലറ്റുമാരുടെ ശ്രമത്തിന്റെ ഫലമാകാം ഇതെന്നാണ് നിഗമനം. പക്ഷെ വിമാനം വളരെ താഴ്ന്ന് പറക്കുകയായതിനാൽ എഞ്ചിനുകൾ സുരക്ഷിതമായി തിരിച്ചെടുക്കാൻ മതിയായ സമയം ലഭിച്ചില്ല.
ലിഫ്റ്റ് ഓഫിനും ക്രാഷിനുമിടയിൽ 30 സെക്കൻസ് സമയം മാത്രമാണുണ്ടായത്. വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾക്ക് ആകസ്മിക ചലന സാധ്യത ഇല്ലെന്നാണ് എയർലൈൻ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പൈലറ്റുമാരുടെ ബോധപൂർവുമുള്ള ഇടപെടലിലൂടെ മാത്രമെ അത് സാധ്യമാകൂ. സ്വിച്ചുകൾ തനിയെ നീങ്ങിമാറാതിരിക്കാനായി പ്രത്യേക സംരക്ഷണത്തോടെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ സ്വിച്ച് പൊസിഷൻ റണ്ണിൽ നിന്ന് കട്ട് ഓഫിലേക്ക് മാറ്റുന്നതിന് പൈലറ്റുമാർക്ക് പ്രത്യേക ലോക്ക് മെക്കാനിസവുമുണ്ട്.
സാധാരണയായി എയർ ക്രാഫ്റ്റ് ഗ്രൗണ്ടിലായിരിക്കുമ്പോൾ മാത്രമാണ് വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ പ്രവർത്തിപ്പിക്കുന്നത്. പുറപ്പെടുന്നതിന് മുൻപ് എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനും ലാൻഡിങ്ങിന് ശേഷം എഞ്ചിൻ ഓഫിനുമായി മാത്രം.
റിച്ച് ഇന്ധന സ്വിച്ചുകൾ പ്രവർത്തിപ്പിക്കേണ്ടി വരുന്നത് ഏതെങ്കിലും തരത്തിൽ എഞ്ചിൻ തകരാറോ അല്ലെങ്കിൽ വിമാന സുരക്ഷ ഉറപ്പാക്കാൻ ഇന്ധന വിതരണം നിർത്തേണ്ടി വരുമ്പോഴോ ആണ്. എഞ്ചിൻ സുരക്ഷിതമായി തിരികെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ ഉടൻ തന്നെ ഇത് ഓൺ ചെയ്യാറുമുണ്ട്.