ബഹിരാകാശ നിലയത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ശുഭാന്‍ഷുവും സംഘവും ജൂലൈ 14ന് ഭൂമിയിലേക്ക് മടങ്ങും

ശുഭാന്‍ഷു ശുക്ല ക്യാപ്റ്റനായ നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍ നിന്ന് ജൂലൈ 14ന് തിരിക്കുമെന്ന് നാസ. മിഷന്‍ അണ്‍ഡോക്ക് ചെയ്യാന്‍ സമയമായിരിക്കുന്നുവെന്നും നിലവില്‍ തീരുമാനിച്ചിരിക്കുന്നത് ജൂലൈ 14ന് അണ്‍ഡോക്ക് ചെയ്യാനാണെന്നും നാസ അറിയിച്ചു.
'ആക്‌സിയം-4 ന്റെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. എനിക്ക് തോന്നുന്നു മിഷന്‍ അണ്‍ഡോക്ക് ചെയ്യാന്‍ സമയമായെന്ന്. നിലവില്‍ ജൂലൈ 14 ആണ് അണ്‍ഡോക്ക് ചെയ്യാൻ സാധിക്കും എന്ന് കരുതുന്നത്,' നാസ കമേഴ്‌സ്യല്‍ ക്ര്യൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
14 ദിവസത്തെ മിഷനു വേണ്ടിയാണ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും 1984 വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മയ്ക്ക് ശേഷം സ്‌പേസിലെത്തുന്ന രണ്ടാമത്തെ ബഹിരാകാശ യാത്രികനുമാണ് ശുഭാന്‍ഷു.
ബഹിരാകാശ നിലയത്തില്‍ ചില പരീക്ഷണങ്ങളും ആക്‌സിയം സ്‌പേസ് അറിയിക്കുന്നുണ്ട്. ഉലുവയും ചെറുപയറും മുളപ്പിച്ചുവെന്നാണ് ആക്‌സിയം സ്‌പേസ് അറിയിക്കുന്നത്. 14 ദിവസംകൊണ്ട് 60 പരീക്ഷണങ്ങള്‍ നടത്തി ഭൂമിയിലേക്ക് മടങ്ങിവരിക എന്നതായിരുന്നു നാല് പേര്‍ ഉള്‍പ്പെട്ട ആക്‌സിയം ദൗത്യത്തിന്റെ ലക്ഷ്യം.
ജൂണ്‍ 26നാണ് ശുഭാന്‍ഷു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.