തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; പ്രദേശത്ത് പന്നിമാംസ വിതരണത്തിന് നിയന്ത്രണം

തൃശൂർ: തൃശൂർ മുളങ്കുന്നത്ത് കാവിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്തെ ഫാമിലെ പന്നികൾക്കാണ് പനി സ്ഥിരീകരിച്ചത്. മേഖലയിൽ പന്നിമാംസം വിതരണം ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി. രോഗ വ്യാപനം തടയുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചു.
മൃഗ സംരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ദ്രുത കർമ സേന പ്രവർത്തനം ആരംഭിച്ചു. രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി രോഗബാധ കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതിനും, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും, പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി. കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നത്.
ആഫ്രിക്കൻ പന്നിപ്പനി എച്ച് വൺ എൻ വൺ പനിയിൽ നിന്നും വ്യത്യസ്തമാണ്. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ആഫ്രിക്കൻ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.