വിമാനത്തിനടിയില്‍ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് ഡല്‍ഹിയിലെത്തി അഫ്ഗാന്‍ ബാലന്‍; 13 വയസുകാരന്റെ രണ്ടുമണിക്കൂര്‍ നീണ്ട സാഹസയാത്ര അറിഞ്ഞു ഞെട്ടി എയര്‍ലൈന്‍സ്

വിമാനത്തിനടിയില്‍ ലാന്‍ഡിങ് ഗിയറില്‍ (വീല്‍ അറയില്‍) ഒളിച്ച് അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തി 13 വയസുകാരന്‍. ഇറാനിലേക്ക് പോകാന്‍ ലക്ഷ്യംവെച്ചാണ് വിമനത്തിന്റെ വീലിനടിയില്‍ കൗമാരക്കാരന്‍ ഒളിച്ചത്.
13 വയസ്സുകാരന്റെ സാഹസിക യാത്ര ഞായറാഴ്ചയായിരുന്നു. അഫ്ഗാനിസ്ഥാന്റെ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ആ പരിസരത്ത് ചുറ്റി തിരിഞ്ഞ ബാലനെ എയര്‍ലൈന്‍സ് ജീവനക്കാര്‍ സിഐഎസ്എഫിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 11 മണിയോടെ കെഎഎം എയര്‍ലൈന്‍സിന്റെ RQ- 4401 വിമാനം രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
കൗമാരക്കാരനെ ഞായറാഴ്ച തന്നെ അതേ വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. കടുത്ത അന്തരീക്ഷ സാഹചര്യങ്ങളെ അതിജീ'വിച്ച് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബാലന്‍ സുരക്ഷിതനാണെന്ന് വിമാനത്താവള അധികൃതര്‍ ഉറപ്പുവരുത്തിയിരുന്നു.
കൗതുകം ലേശം കൂടിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ വിമാനം മാറിപോയതാണെന്നും അധികൃതരോട് പറഞ്ഞു. അഫ്ഗാന്‍ കുര്‍ത്ത ധരിച്ച ബാലന്‍ പരുങ്ങിനടക്കുന്നതു കണ്ട് എയര്‍ലൈന്‍സ് ജീവനക്കാര്‍ അറിയിച്ചതോടെ സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഫ്ഗാനിലെ കുണ്ടുസ് നഗരം സ്വദേശിയായ ആണ്‍കുട്ടിയെ എയര്‍ലൈന്‍ ജീവനക്കാര്‍ പിടികൂടി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ലേക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുക്കില്ലെന്ന് അറിയിക്കുകയും ബാലനെ അതേ വിമാനത്തില്‍ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
സംഭവം അറിഞ്ഞു ഞെട്ടിയ കെഎഎം എയര്‍ലൈനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാന്‍ഡിംഗ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ സുരക്ഷാ പരിശോധന നടത്തി. സുരക്ഷാ പരിശോധനയില്‍ ആണ്‍കുട്ടി കൈവശം വച്ചിരുന്നതായി കരുതപ്പെടുന്ന ഒരു ചെറിയ ചുവന്ന നിറമുള്ള സ്പീക്കര്‍ കണ്ടെത്തുകയും ചെയ്തു. സമഗ്രമായ പരിശോധനയ്ക്കും അട്ടിമറി വിരുദ്ധ പരിശോധനകള്‍ക്കും ശേഷമാണ് വിമാനം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചതും യാത്ര തുടര്‍ന്നതും.