നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
Mar 26, 2026, 07:26 IST
കൊല്ലം: നടനും സംവിധായകനുമായ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. സംസ്ക്കാരം നാളെ തൃശൂരിൽ നടക്കും. നടൻ മുകേഷിൻ്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ് രാജേന്ദ്രൻ.
മലയാള സിനിമയിലെ സ്വഭാവ നടനായും വില്ലനായും തിളങ്ങിയ രാജേന്ദ്രൻ, ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നരസിംഹം, മീശമാധവൻ, കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ തുടങ്ങിയവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. സിനിമയ്ക്ക് പുറമെ നാടകരംഗത്തും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു. മികച്ചൊരു സംവിധായകൻ എന്ന നിലയിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.