പാലക്കാട് വിദ്യാർഥി ജീവനൊടുക്കിയതിൽ നടപടി; പ്രധാന അധ്യാപികയേയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്തു

പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ പ്രധാന അധ്യാപികയെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്ത് മാനേജ്മെൻ്റ്. പ്രധാന അധ്യാപിക ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.
വിദ്യാർഥി പ്രതിഷേധം പിടിവിട്ടതോടെയാണ് മാനേജ്മെൻ്റിൻ്റെ നടപടി. എന്നാൽ സസ്പെൻഷൻ അംഗീകരിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്നും ഇവർ രാജിവയ്ക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. കുട്ടി ജീവനൊടുക്കിയതിൽ ഡിഇഒയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ചയോടെയാണ് അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി.
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മെസേജ് അയച്ചതിന് പിന്നാലെ അർജുനോട് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്ന് പറഞ്ഞു. ഇവർ കുട്ടിയെ ജയിലിലടക്കുമെന്ന് പറഞ്ഞതായും പരാതിയിൽ കുടുംബം ആരോപിക്കുന്നു.
അധ്യാപിക ക്ലാസിൽ വച്ച് അർജുനെ മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിച്ചെന്നാണ് വിദ്യാർഥികളും പറയുന്നത്. സാധാരണഗതിയിൽ പരിഹരിക്കാവുന്ന വിഷയം വലിയ പ്രശ്നമാക്കി. ഒന്നര വർഷത്തോളം ജയിലിൽ കിടക്കുമെന്ന് ടീച്ചർ അർജുനോട് പറഞ്ഞിരുന്നു. ടീച്ചർ അടിച്ചിട്ടുണ്ടെന്നും ഒരു വിദ്യാർഥിക്കും താങ്ങാൻ കഴിയാത്ത സംസാരമാണ് ടീച്ചറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.