വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുറ്റം ചെയ്തത് ആരായാലും മുഖം നോക്കാതെ നടപടി, മാനേജ്മെന്റിന്‍റെ വീഴ്ച അംഗീകരിക്കാൻ കഴിയില്ല- മന്ത്രി വി.ശിവന്‍കുട്ടി

കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 'കുറ്റം ചെയ്തത് ആരായാലും കർശന നടപടി സർക്കാർ സ്വീകരിക്കും. മാനേജ്മെന്റിന്റെ വീഴ്ച അംഗീകരിക്കാൻ കഴിയില്ല.സ്കൂൾ മാനേജർക്ക് നോട്ടീസ് കൊടുത്തു'.പ്രധാനധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്നും മന്ത്രി പറഞ്ഞു.
മിഥുനിന്‍റെ സംസ്കാരം കഴിഞ്ഞ് മറ്റ് നടപടികൾ സ്വീകരിക്കും. ചെയ്യാൻ കഴിയുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്നും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം,സംഭവത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
'മരണവീട്ടിൽ പോകുന്ന മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന രീതി ശരിയാണോ? കരിങ്കൊടി കാണിച്ചവരും പ്രതിഷേധിച്ചവരും കുടുംബത്തെ സഹായിക്കുന്നില്ലല്ലോ. കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും വിദ്യാഭ്യാസ വകുപ്പും സർക്കാരും ചെയ്തുവരുന്നു. ഇത്രയും സഹായങ്ങൾ ഏത് സർക്കാർ 48 മണിക്കൂറിനുള്ളിൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി ചോദിച്ചു.
'കരിങ്കൊടി കാണിക്കലാണോ സഹായം. എല്ലാ ജനപ്രതിനിധികൾക്കും ദുരന്തം ഉണ്ടായ വീടുകളിൽ പോകേണ്ടതാണ്.സിപിഎമ്മിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ ഏത് സ്ഥലത്ത് പോകാനും മന്ത്രിമാർക്ക് ഒരു പേടിയുമില്ല.സംഘർഷം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് ആദ്യ ദിനം പോകാത്തത്. കരിങ്കൊടി കാണിക്കുന്നതിലൂടെ പുതിയ രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്'..ശിവന്‍കുട്ടി പറഞ്ഞു.