രാഹുലിനെതിരായ നടപടി ഒത്തുതീർപ്പ്; വളർത്തി കൊണ്ടുവന്നവർ ഇപ്പോഴും എംഎൽഎയായി സംരക്ഷിക്കുന്നു, മന്ത്രി എം ബി രാജേഷ്

രാഹുൽമാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ പാലക്കാട്ടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നുന്നതിൽ എന്ത് ന്യായമാണുള്ളത്. കോൺഗ്രസ് പാർട്ടിക്ക് പോലും വേണ്ടാത്ത ഒരാളെയാണ് പാലക്കാട് എംഎൽഎ സ്ഥാനത്തിൽ ഇരുത്തിയിരിക്കുന്നത് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
രാഹുലിനെതിരെ പാർട്ടി നടപടി അല്ല ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചു. കോണ്‍ഗ്രസ് തീരുമാനം ഒത്തുതീര്‍പ്പാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ആരോപണം നേരത്തെ തന്നെ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഇര പറഞ്ഞിരുന്നു.
എന്നാൽ ഒരു നടപടിയും എടുക്കാതെ രാഹുലിനെ എംഎൽഎയാക്കി. ചില വിഗ്രഹങ്ങൾ ഉടഞ്ഞുവെന്നാണ് അവർ പറഞ്ഞത്. ഉടഞ്ഞ വിഗ്രഹങ്ങളാണ് ഇപ്പോൾ രാഹുലിനെ സംരക്ഷിക്കുന്നത്. ആരാണോ വളർത്തി കൊണ്ടുവന്നത്, എംഎൽഎയാക്കിയത് അവർ തന്നെയാണിപ്പോൾ രാഹുലിനെ സേവ് ചെയ്യുന്നതും മന്ത്രി വിമർശിച്ചു.
തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരായ സൈബർ അക്രമണങ്ങളിലും മന്ത്രി പ്രതികരിച്ചു. ഉമാ തോമസ് എംഎൽഎയ്ക്കെതിരെ ഹീനമായ വ്യക്തിഹത്യ നടത്തുന്നത് കോൺഗ്രസുകാർ തന്നെയാണ്. ഇത്തരമൊരു സംഘത്തെ കോൺഗ്രസ് നേത്യത്വം വളർത്തിയെടുത്തിരിക്കുകയാണ്. ഉമാ തോമസിനോട് രാഷ്ട്രീയപരമായി ചില അഭിപ്രായ വ്യത്യാസങ്ങൾ തങ്ങൾക്ക് കാണും എന്നാൽ ഇത്തരമൊരു ഭാഷയിൽ താനോ തന്റെ പാർട്ടിയിൽ ഉള്ളവരോ ഒരു കോൺഗ്രസ് വനിതയെയും ആക്ഷേപിച്ചിട്ടില്ല. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇത്തരം ആക്ഷേപങ്ങൾക്ക് മൗനാനുവാദം നൽകുകയാണ് ചെയ്യുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.