ഇംഗ്ലണ്ടിലും വെയിൽസിലും ഗർഭച്ഛിദ്ര നിരക്കിൽ റെക്കോർഡ് വർധനവ്
ഇംഗ്ലണ്ടിലും വെയിൽസിലും ഗർഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022 – ൽ 2,50,000 ആയിരുന്ന ഗർഭച്ഛിദ്രങ്ങളുടെ എണ്ണം 2023 – ൽ 2,70,000 ആയി ഉയർന്നു. ഏകദേശം 11 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ നടന്ന ഗർഭച്ഛിദ്രങ്ങളിൽ 90 ശതമാനവും ഗർഭച്ഛിദ്ര ഗുളികകൾ വഴിയാണ്. ഇതിൽ ഭൂരിഭാഗവും രണ്ടു മുതൽ ഒമ്പത് ആഴ്ച വരെ പ്രായമുള്ള ഭ്രൂണങ്ങളുടേതാണ്. 2023 – ൽ ഗർഭച്ഛിദ്രം നടത്തിയവരിൽ 40 ശതമാനം സ്ത്രീകളും മുമ്പ് ഒന്നിലധികം തവണ ഇത് ചെയ്തവരാണെന്നത് ആശങ്കയുണർത്തുന്നു. 2013 – നെ അപേക്ഷിച്ച് ഗർഭച്ഛിദ്ര നിരക്ക് നിലവിൽ ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട നിയമങ്ങൾ കടുപ്പിക്കുകയാണ്. ഗർഭച്ഛിദ്രത്തിന് സ്ത്രീകളെ നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലുകൾ സൗത്ത് കരോലിന നിയമസഭയിൽ അവതരിപ്പിച്ചു. കുറ്റക്കാർക്ക് ജയിൽ ശിക്ഷയും പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായം തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്.
ഹാർട്ട്ബീറ്റ് ഇന്റർനാഷണലിന്റെ ‘ഓപ്ഷൻ ലൈൻ’ (Option Line) എന്ന ഹെൽപ്‌ലൈനിലേക്ക് 2025 – ൽ മാത്രം 1.3 ദശലക്ഷം കോളുകളാണ് എത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് മൂന്നിരട്ടി കൂടുതലാണ്. സഹായം തേടുന്നവരിൽ ഭൂരിഭാഗവും ഗർഭച്ഛിദ്രം നടത്താൻ സാധ്യതയുള്ളവരാണെന്ന് സംഘടന റിപ്പോർട്ട് ചെയ്യുന്നു.