20 വർഷത്തെ ജയിൽവാസം അവസാനിപ്പിച്ച് അബ്ദുൽ റഹീം ഇന്ന് നാട്ടിലെത്തും, കാത്തിരിപ്പിൽ കേരളം
കരിപ്പൂർ: പ്രവാസി മലയാളി സമൂഹം നെഞ്ചേറ്റിയ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം (44) ഇരുപത് വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം ഇന്ന് ജന്മനാട്ടിലേക്ക് തിരിച്ചെത്തും. റിയാദിൽ നിന്ന് സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്ന് രാവിലെ 7.35-ഓടെ അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങും.
കേസിൽ റഹീമിന്റെ പവർ ഓഫ് അറ്റോണിയായിരുന്ന സിദ്ധീഖ് തുവൂരും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ജയിൽ അധികൃതർ നേരിട്ടാണ് റഹീമിനെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
2006-ലാണ് റഹീമിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടക്കുന്നത്. ഡ്രൈവറായി സൗദിയിലെത്തിയ റഹീം പരിചരിച്ചിരുന്ന, ചലനശേഷി ഇല്ലാത്ത സൗദി ബാലൻ അനസ് യാദൃച്ഛികമായി മരണപ്പെട്ടതോടെയാണ് റഹീം കൊലക്കുറ്റത്തിന് അറസ്റ്റിലാകുന്നത്. തുടർന്ന് കോടതി വധശിക്ഷ വിധിച്ചതോടെ റഹീമിന്റെ ജീവിതം ജമാഹിർ ജയിലിന്റെ നാല് ചുവരുകൾക്കുള്ളിലായി.
വധശിക്ഷയിൽ നിന്ന് ഒത്തുതീർപ്പിനായി ബാലന്റെ കുടുംബം ആവശ്യപ്പെട്ടത് 34 കോടി രൂപയുടെ (1.5 കോടി സൗദി റിയാൽ) ഭീമമായ ദിയാധനമായിരുന്നു (ബ്ലഡ് മണി). എന്നാൽ, ഒരു സാധാരണ കുടുംബത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്ന ഈ തുക നിശ്ചിത സമയത്തിനുള്ളിൽ ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് ജനകീയ പങ്കാളിത്തത്തോടെ സമാഹരിക്കുകയായിരുന്നു.
തുടർന്ന് തുക കോടതിയിൽ കെട്ടിവെച്ചതോടെ 2024 ജൂലൈയിൽ റഹീമിന്റെ വധശിക്ഷ സൗദി കോടതി ഔദ്യോഗികമായി റദ്ദാക്കി. തുടർനടപടികൾ പൂർത്തിയാക്കി മോചന ഉത്തരവ് കൈവന്നതോടെയാണ് ഇന്ന് റഹീം വീണ്ടും കേരളത്തിന്റെ മണ്ണിലേക്ക് കാലുകുത്തുന്നത്.