ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ നയിക്കാൻ ഇനി ഒരു വനിതാ ആർച്ചു ബിഷപ്പ്

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയുക്ത വനിതാ ആർച്ച് ബിഷപ്പായി സാറാ മുല്ലള്ളി തിരഞ്ഞെടുക്കപ്പെട്ടു. സാറാ മുല്ലള്ളിയുടെ നാമനിർദ്ദേശം ചാൾസ് മൂന്നാമൻ രാജാവ് അംഗീകരിച്ചതോടെ കാന്റർബറിയിലെ ആദ്യത്തെ വനിതാ ആർച്ച് ബിഷപ്പായി അവർ നിയമിതയാകും.
2026 മാർച്ചിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത പദവിയിലുള്ള ആർച്ചുബിഷപ്പായി നിയുക്ത ആർച്ച് ബിഷപ്പ് മുല്ലള്ളി സ്ഥാനമേൽക്കും. ഇതോടെ 165 രാജ്യങ്ങളിലായി താമസിക്കുന്ന ഏകദേശം 85 ദശലക്ഷം ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവായി ഇവർ ഔദ്യോഗികമായി മാറും. കാന്റർബറിയിലെ മുൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി 2024 നവംബറിൽ സ്ഥാനമൊഴിഞ്ഞതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പുതിയ നിയമനം.
“എന്റെ പുതിയ ശുശ്രൂഷയിൽ ക്രിസ്തുവിന്റെ വിളിയോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നു. രാജ്യത്തുടനീളമുള്ള ഇടവകകളിലും ആഗോള ആംഗ്ലിക്കൻ സഭയിലുള്ള ഇടവകകളിലും ദൈവത്തെയും അവരുടെ സമൂഹങ്ങളെയും സേവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുമായി ഈ വിശ്വാസ യാത്ര പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു,” നിയുക്ത ആർച്ച് ബിഷപ്പ് ഒക്ടോബർ രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കാന്റർബറിയുടെ 106-ാമത് ആർച്ച് ബിഷപ്പായി മുല്ലള്ളിയെ നിയമിച്ച വാർത്തയെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് സ്വാഗതം ചെയ്തു. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ വത്തിക്കാൻ പ്രീഫെക്റ്റ് കർദ്ദിനാൾ കർട്ട് കോച്ച് ഒരു കത്തിലൂടെ മുല്ലള്ളിയെ അഭിനന്ദിച്ചു.