അമേരിക്കയിൽ ഒരാഴ്ച നീളുന്ന സമ്പൂർണ ബൈബിൾ പാരായണം; 495 പ്രതിനിധികൾ അണിനിരക്കുന്നു
വാഷിങ്ടൺ : അമേരിക്കൻ ഐക്യനാടുകളുടെ 250-ാം വാർഷികാഘോഷങ്ങൾക്ക് ആത്മീയ തുടക്കം കുറിച്ചുകൊണ്ട് വാഷിങ്ടൺ ഡി സിയിൽ സമ്പൂർണ ബൈബിൾ പാരായണ യജ്ഞം സംഘടിപ്പിക്കുന്നു. 'അമേരിക്ക റീഡ്‌സ് ദി ബൈബിൾ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള 495 പ്രതിനിധികളാണ് അണിനിരക്കുന്നത്. ടെക്‌സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്രിസ്റ്റ്യൻസ് എൻഗേജ്ഡ്' എന്ന സംഘടനയാണ് ഈ ബൃഹദ് സംരംഭത്തിന് പിന്നിൽ.
ഏപ്രിൽ 19 മുതൽ 25 വരെ വാഷിങ്ടണിലെ പ്രശസ്തമായ ബൈബിൾ മ്യൂസിയത്തിലാണ് വായന നടക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് വായന നടക്കുക. ഒരാഴ്ചയ്ക്കുള്ളിൽ ബൈബിൾ പൂർണമായും (ഉല്പത്തി മുതൽ വെളിപാട് വരെ) വായിച്ചു തീർക്കുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം. ഏപ്രിൽ 18 ന് നൂറിലധികം ക്രൈസ്തവ മിനിസ്ട്രികളിലെ നേതാക്കൾ ഒത്തുകൂടുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
കത്തോലിക്കാ സഭയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ വായനയിൽ പങ്കുചേരും. പ്രശസ്ത കത്തോലിക്കാ എഴുത്തുകാരൻ അലൻ റൈറ്റ്, ഹോളിവുഡ് നടിമാരായ പട്രീഷ്യ ഹീറ്റൺ, കാൻഡേസ് കാമറൂൺ എന്നിവർ വായനക്കാരായി എത്തും. പ്രൊലൈഫ് പ്രസ്ഥാനത്തിന്റെ നേതാവ് മാർജോറി ഡാനെൻഫെൽസർ, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ക്രിസ്റ്റി മക്‌ക്രറി തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക പ്രമുഖരും തിരുവെഴുത്തുകൾ പാരായണം ചെയ്യും.
അമേരിക്കയുടെ സ്ഥാപക തത്വങ്ങളിലെ ആത്മീയ അടിത്തറ വീണ്ടും കണ്ടെത്തുകയാണ് ഈ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. ക്രൈസ്തവർ പൗരജീവിതത്തിൽ സജീവമാകണമെന്നും പ്രാർത്ഥനയിലൂടെയും വോട്ടവകാശ വിനിയോഗത്തിലൂടെയും രാജ്യത്തെ നയിക്കണമെന്നും ഈ കാമ്പയിൻ ആഹ്വാനം ചെയ്യുന്നു. "രാജ്യത്തിന്റെ സ്ഥാപക ആദർശങ്ങളെ ആഘോഷിക്കുന്നതിനൊപ്പം, ഇന്നും മാറ്റമില്ലാതെ തുടരുന്ന ദൈവവചനത്തിലെ സത്യങ്ങളിലേക്ക് ജനങ്ങളെ തിരികെ വിളിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്." - സംഘാടക സമിതി അറിയിച്ചു.
വിവിധ മിനിസ്ട്രികളുടെ സഹകരണത്തോടെ നടക്കുന്ന ഈ യജ്ഞം അമേരിക്കൻ തലസ്ഥാനത്തെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.