"ഒരു യഥാർത്ഥ അദ്ധ്യാപകൻ ഒരിക്കലും നിങ്ങളോട് എന്തുചെയ്യണമെന്ന് പറയില്ല; പക്ഷേ നിങ്ങൾക്ക് എന്താണ് ചെയ്യാൻ ഏറ്റവും നല്ലതെന്ന് തീരുമാനിക്കാൻ കഴിയുന്ന അറിവ് അദ്ദേഹം നിങ്ങൾക്ക് നൽകും"ഇന്നത്തെ ചിന്താവിഷയം

"അഞ്ജാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയാ ചക്ഷുരുന്മീലനം യേന തസ്മൈ ശ്രീ ഗുരവേ നമഃ" എന്ന പ്രശസ്തമായ ഗുരുവന്ദന സ്തുതി എല്ലാവരും കേട്ടിട്ടുണ്ടായിരിക്കുമല്ലോ.
"അറിവില്ലായ്മയുടെ തിമിരം ബാധിച്ച്, അന്ധനായി തീർന്ന എനിയ്ക്ക് അറിവാകുന്ന ദിവ്യൗഷധം നൽകി കാഴ്ച നൽകിയ സദ്ഗുരുവിന് നമസ്കാരം" എന്ന് ലളിതമായി പറയാം. മാതാപിതാ ഗുരു ദൈവം എന്നതാണല്ലോ ഭാരത സംസ്കാരത്തിൻ്റെ അടിത്തറ. ദൈവത്തെ വന്ദിക്കുന്നതിന് മുമ്പ് ഗുരുവിനെ വന്ദിക്കുന്നതിൽ ഭാരതത്തിൻ്റെ വൈജ്ഞാനിക മണ്ഡലങ്ങൾ മുൻതൂക്കം കൊടുത്തിരുന്നു എന്ന് അറിയാമോ.?
അച്ഛനെയും അമ്മയെയും ഗുരുവിനെയും കാണപ്പെട്ട ദൈവമായാണ് ഭാരതത്തിലെ ശ്രേഷ്ഠരായ ജനങ്ങൾ കണ്ടിരുന്നത്. അറിവിൻ്റെ വെളിച്ചം നൽകി മനുഷ്യൻ്റെ അകക്കണ്ണ് തുറപ്പിക്കുന്നത് സാക്ഷാൽ ദൈവം തന്നെയായ ഗുരുവാണ്. ഗുരുവിനെ അങ്ങനെയാണ് നമ്മൾ കണ്ടുവന്നിരുന്നത്. നമ്മുടെ ഉള്ളിലെ അന്ധകാരത്തെ ഇല്ലാതാക്കി അറിവും വെളിച്ചവും നൽകി നമ്മളെ ലോകത്തിനു മുന്നിലേക്ക് കൈപിടിച്ചു നടത്തുന്ന ഗുരുക്കന്മാർക്ക് അറിയാം നമ്മൾക്ക് വേണ്ടത് എന്താണെന്ന് നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന്.
നമ്മൾ നേടിയ അറിവുകൊണ്ട് ജീവിത വിജയം കൈയ്യെത്തിപ്പിടിക്കുമെന്നും അവർക്കറിയാം. അതുകൊണ്ട് അവർ ഒരിക്കൽ പോലും നീ ഇന്നത് ചെയ്യണം അതുപോലെ പെരുമാറണം എന്നൊന്നും അവർ നിഷ്കർഷിക്കാറില്ല. ഭൂമിയുടെ വിശാലതയിലേക്ക് നമ്മളെ തുറന്നു വിടുമ്പോൾ അവർക്കറിയാം അവരിലെ ജ്ഞാനത്തിന്റെ ശക്തിയാൽ നമ്മൾ നേടിയ അറിവ് നമ്മളെ എന്തിനും പ്രാപ്തരാക്കിയിരിക്കുന്നു എന്ന്.