ഓസ്‌ട്രേലിയയിലെ ബാലററ്റ് രൂപതയ്ക്ക് പുതിയ ഇടയൻ; ബിഷപ്പ് മാർക്ക് ഫ്രീമാൻ സ്ഥാനമേറ്റു
ബാലററ്റ്: ഓസ്‌ട്രേലിയയിലെ ബാലററ്റ് രൂപതയുടെ പുതിയ ബിഷപ്പായി ബിഷപ്പ് മാർക്ക് ഫ്രീമാൻ ഇന്നലെ ചുമതലയേറ്റു. സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ മെത്രാഭിഷേക ചടങ്ങുകൾക്കും സ്ഥാനാരോഹണത്തിനും മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ. കോമെൻസോളി നേതൃത്വം നൽകി. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിഷപ്പുമാർ ചടങ്ങിൽ സഹകാർമ്മികരായിരുന്നു.
സഭയുടെ പുരാതന പാരമ്പര്യമനുസരിച്ച് കൈവെപ്പ് ശുശ്രൂഷ, അഭിഷേക പ്രാർത്ഥനകൾ, കത്തീഡ്രലിലെ ഔദ്യോഗിക സിംഹാസനത്തിൽ ഇരുത്തൽ എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. ഇത് രൂപതയുടെ നേതൃത്വത്തിലേക്കുള്ള ബിഷപ്പിന്റെ ഔദ്യോഗിക പ്രവേശനത്തെ അടയാളപ്പെടുത്തി. കത്തീഡ്രലിനുള്ളിലെ അഞ്ഞൂറോളം പേർക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് വിശ്വാസികൾ തത്സമയ സംപ്രേഷണത്തിലൂടെ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു.
സ്ഥാനാരോഹണത്തിന് ശേഷം രൂപതാംഗങ്ങളെ അഭിസംബോധന ചെയ്ത ബിഷപ്പ് ഫ്രീമാൻ ഹൃദയസ്പർശിയായ പ്രസംഗമാണ് നടത്തിയത്. "ഓരോ പുതിയ ചുമതല ഏറ്റെടുക്കുമ്പോഴും ഞാൻ പറയാറുള്ളത് പോലെ, നിങ്ങളാണ് ദൈവം എന്നെ സ്നേഹിക്കാൻ ഏൽപ്പിച്ച ജനത. ഒരു ബിഷപ്പായി എങ്ങനെ സേവനം ചെയ്യണമെന്ന് നിങ്ങൾ എന്നെ പഠിപ്പിക്കണം," ബിഷപ്പ് ഫ്രീമാൻ പറഞ്ഞു. തന്റെ മുൻഗാമിയായ ബിഷപ്പ് എമെരിറ്റസ് പോൾ ബേർഡിന്റെ പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കുകയും ചെയ്തു.
രൂപതയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പുതിയ ബിഷപ്പിന് ഔദ്യോഗികമായി സ്വീകരണം നൽകി. സഭാ പ്രതിനിധികൾക്ക് പുറമെ വിവിധ എക്യുമെനിക്കൽ അതിഥികളും സിവിക് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിൽ അധിഷ്ഠിതമായി ലോകത്ത് കരുണയും നീതിയും ഉയർത്തിപ്പിടിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ബിഷപ്പ് ഫ്രീമാൻ ഓർമ്മിപ്പിച്ചു.