നെല്ല് സംഭരണത്തിന് പുതിയ മാതൃക; സഹകരണ മേഖലയുടെ ഇടപെടലിനെ സ്വാഗതം ചെയ്തും ആശങ്ക പ്രകടിപ്പിച്ചും കർഷക സംഘടനകൾ

 
rice

കോട്ടയം: നെല്ല് സംഭരണത്തിനു സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ- കര്‍ഷക കേന്ദ്രീകൃത ബദലില്‍ സമ്മിശ്ര പ്രതികരണം. പ്രതികൂല സാഹചര്യങ്ങളില്‍ കര്‍ഷകരില്‍ നിന്ന് അധിക ചെലവ് ഈടാക്കാതെ നെല്ല് സംഭരിച്ചു മില്ലുകാരുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാനാണു പദ്ധതിയെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. എന്നാല്‍, കര്‍ഷകരുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നു കര്‍ഷര്‍ പറയുന്നു.

വരുന്ന പുഞ്ചക്കൃഷി സീസണില്‍ പൈലറ്റ് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം. കടുത്ത വേനലും വേനല്‍മഴയും നേരത്തെ ആരംഭിക്കുന്ന കാലവര്‍ഷവും പുഞ്ചകൃഷിയില്‍ കൊയ്ത്തും നെല്ല് സംഭരണവും പ്രതിസന്ധിയിലാക്കാറുണ്ട്. വരള്‍ച്ചാസമയമായതിനാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നെല്ലില്‍ പതിരിന്റെ അംശം കൂടും. വേനല്‍ മഴ ശക്തമായാല്‍ കൊയ്ത്തും നെല്ല് സംഭരണവും മുടങ്ങുന്നതിനൊപ്പം നെല്ലില്‍ ഈര്‍പ്പത്തിന്റെ തോതും കൂടും. ഈര്‍പ്പവും പതിരും മുതലാക്കി നെല്ല് സംഭരണത്തിനെത്തുന്ന മില്ലുകാര്‍ കര്‍ഷകരോട് തോന്നുംപടി കിഴിവ് ആവശ്യപ്പെടും. കൊയ്യുന്ന നെല്ല് പാടത്ത് തന്നെ ടാര്‍പോളിനടിയില്‍ സൂക്ഷിക്കേണ്ടി വരുന്ന കര്‍ഷകര്‍ നെല്ല് സംഭരണത്തിന് ബദല്‍ സംവിധാനമില്ലാത്തതിനാല്‍ ആവശ്യപ്പെടുന്ന കിഴിവ് അംഗീകരിച്ചു നെല്ല് കൈമാറാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ് ഇന്നുള്ളത്.

നിലവിലെ അസ്ഥയ്ക്കു ബഥലായി നെല്ല് സംഭരണത്തിനു തയ്യാറായി വരുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍നിന്നു നേരിട്ടു നെല്ല് സംഭരിക്കുന്നത് സർക്കാർ മുന്നോട്ട് വെക്കുന്നത്. സര്‍ക്കാര്‍ പി.ആര്‍.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിനു ശേഷം കാലതാമസമില്ലാതെ തന്നെ നെല്ലിന്റെ വില കര്‍ഷകനു നല്‍കും. ജില്ലാ/ താലൂക്ക് തലത്തില്‍, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘം രൂപീകരിക്കും.

സഹകരണ സംഘങ്ങള്‍ വഴി അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകള്‍ വഴിയോ നെല്ല് സംസ്‌കരണം നടത്തും. നിശ്ചയിച്ച ഔട്ട്-ടേണ്‍ റേഷ്യോ പ്രകാരം നെല്ല് സംസ്‌കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവില്‍ സ്വകാര്യ മില്ലുകള്‍ക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസിങ് ചാര്‍ജും നോഡല്‍ സംഘങ്ങള്‍ക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡല്‍ ഏജന്‍സി സപ്ലൈകോ ആയിരിക്കും.

മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്ത സഹകരണ സംഘങ്ങള്‍ക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കും. നോഡല്‍ സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായി വരുന്ന പ്രവര്‍ത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നല്‍കും.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖരസമിതികള്‍, നെല്ല് കര്‍ഷക പ്രതിനിധി, കേരള ബാങ്ക്, നോഡല്‍ സഹകരണ സംഘങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിക്കും. നെല്ല് സംഭരണം , തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തും.

സംഭരണ സമയത്ത് തന്നെ കര്‍ഷകര്‍ക്കു നെല്ലിന്റെ സംഭരണ തുക ലഭ്യമാകും. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിലൂടെ ഉല്പന്നം നശിക്കുന്നില്ല എന്ന് ഉറപ്പാക്കും. ഭാവിയില്‍, സഹകരണ ബ്രാന്ഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവര്‍ദ്ധനവും ഉറപ്പാക്കാനാകും. സംഭരണത്തിനുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ സ്വന്തം അരി 'കേരള റൈസ്' പുറത്തിറക്കാനുള്ള സാധ്യത കൂടിയാണ് ഈ മാതൃക മുന്നോട്ട് വെക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, പദ്ധതി തിരിച്ചടിയാകുമോ എന്ന ആശങ്ക കര്‍ഷകര്‍ക്ക് ഉണ്ട്.

Tags

Share this story

From Around the Web