ഒരു കമ്യൂണിസ്റ്റുകാരൻ മകൻ കമ്യൂണിസ്റ്റുകാരനായി കാണുന്നതിലാണ് സന്തോഷിക്കേണ്ടത്, സമ്പന്നനാകുന്നതിൽ എന്ത് അഭിമാനിക്കാൻ- കൽപറ്റ നാരായണൻ

മുഖ്യമന്ത്രി പിണറായി വിജയൻ മകൻ വിവേക് കിരൺ “ഒന്നിലും ഇടപെടാത്ത ആളാണ്” എന്ന് പറഞ്ഞ പ്രസ്താവനയെ എഴുത്തുകാരൻ കൽപറ്റ നാരായണൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ഒരു കമ്യൂണിസ്റ്റുകാരന്റെ മകൻ ഒന്നിലും ഇടപെടാതെ സമ്പന്നജീവിതം നയിക്കുന്നു എന്ന വാദം നൂറുകണക്കിന് തൊഴിൽ തേടുന്ന യുവാക്കളെ അപമാനിക്കുന്നതാണെന്ന് കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
വടകരയിൽ എൽ.ഡി.എഫ് ഘടകകക്ഷിയായ ആർ.ജെ.ഡി നേതാവ് കെ.കെ. രാഘവന്റെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു കൽപറ്റ നാരായണന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമർശം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നും, പാർട്ടിയുടെ സാമൂഹിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും കൽപറ്റ നാരായണൻ ചൂണ്ടിക്കാട്ടി.
'കമ്യൂണിസ്റ്റുകാരൻ മകൻ ആരായിരിക്കണമെന്നാണ് ആലോചിക്കുക. സോഷ്യലിസ്റ്റുകാരൻ ആരായിരിക്കണമെന്നാണ് ആലോചിക്കുക. അയാൾ കമ്യൂണിസ്റ്റാകണം എന്നാണ് ആലോചിക്കുക. ഇതൊരു പ്രിവിലേജഡ് ക്ലാസ് ആണെന്ന് മനസിലാക്കി കമ്യൂണിസത്തിൽ ചേർന്ന്, അതിൽ അഭിമാനിച്ച്,അതിന്‍റെ ബ്രതർഹുഡ് കൈയിൽ വെച്ച്, സഖാവേ എന്ന് മാത്രം വിളിച്ച്, എന്ത് നഷ്ടം വന്നാലും ശരി ഞാനൊരു സഖാവ് ആണല്ലോ എന്ന് അഭിമാനിക്കുന്ന ഒരാളുടെ മകൻ സഖാവ് ആകണമെന്നല്ലേ വിചാരിക്കേണ്ടത്.
ഇതല്ലാ വഴി, പിന്നെ വഴിയേന്താ. സമ്പന്നനായി, ആഡംബരത്തോടെ, മറ്റൊന്നിലും ശ്രദ്ധിക്കാതെ, എന്ത് സംഭവിച്ചാലും ഭൂമിയിൽ തനിക്ക് കുഴപ്പമില്ലെന്ന വിചാരത്തിൽ, വിധത്തിൽ ഒരു കുഴപ്പത്തിനും കാരണക്കാരനായല്ലാതെ ജീവിക്കുന്ന ഒരു വലിയ തലമുറ വളർന്നു വരുമ്പോൾ, അതിൽ ഒരുവനാണെന്ന് അഭിമാനപൂർവം തന്‍റെ മകനെ കുറിച്ച് മുഖ്യമന്ത്രി പറയുമ്പോൾ, ജീവിതം പണയം വെച്ച് എത്ര അടിയാണ് കൊള്ളുന്നത്, എത്ര തല്ലാണ് കൊള്ളുന്നത്, എത്ര അഭിമാനമാണ് കൊള്ളുന്നത്, എത്ര ആരോപണങ്ങളാണ് ഒരു എസ്.എഫ്.ഐക്കാരനും ഒരു ഡി.വൈ.എഫ്.ഐകാരനും അനുഭവിച്ച് കൊണ്ടിരിക്കുന്നത്. അവഗണിക്കുകയല്ലേ ഈ വാക്കുകൾ' -കൽപറ്റ നാരായണൻ വ്യക്തമാക്കി.