ബ്രസൽസ് കത്തീഡ്രലിന് 800-ാം വാർഷികം; ആഘോഷങ്ങൾ ജനുവരി 1-ന്; മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ പരോളിൻ എത്തും
ബ്രസൽസ്: ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ വിശ്വപ്രസിദ്ധമായ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിലുള്ള കത്തീഡ്രൽ എണ്ണൂറാം വാർഷികാഘോഷത്തിന്റെ നിറവിൽ. ജനുവരി 11 ന് നടക്കുന്ന പ്രധാന ചടങ്ങുകളിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കും.
1226 ൽ എൻറിക്കോ രണ്ടാമൻ രാജാവിന്റെ തീരുമാന പ്രകാരം നിർമ്മാണം ആരംഭിച്ച ഈ ദേവാലയം എട്ട് നൂറ്റാണ്ടുകൾ പിന്നിടുന്ന ചരിത്ര നിമിഷത്തെ അതിവിപുലമായ പരിപാടികളോടെയാണ് രാജ്യം വരവേൽക്കുന്നത്. മലിനെസ്-ബ്രസൽസ് അതിരൂപത ആധ്യക്ഷൻ ആർച്ച് ബിഷപ്പ് ല്യൂക്ക് തേർലിൻഡന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വാർഷിക വിശുദ്ധ ബലിയിൽ നിരവധി കർദിനാളുമാരും മെത്രാന്മാരും വൈദികരും സംബന്ധിക്കും.
ബെൽജിയം രാജകുടുംബാംഗങ്ങളും ചടങ്ങിൽ അതിഥികളായെത്തും. ജനുവരി 11ലെ ചടങ്ങുകൾക്ക് പുറമെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സംഗീത പരിപാടികൾ, ചരിത്ര പ്രദർശനങ്ങൾ, സെമിനാറുകൾ, ആധ്യാത്മിക സമ്മേളനങ്ങൾ എന്നിവയും രൂപത ആസൂത്രണം ചെയ്തിട്ടുണ്ട്.
പാരീസിലെ നോട്രഡാം ദേവാലയത്തിന് സമാനമായ 'ബ്രബാന്റൈൻ ഗോതിക്' ശൈലിയിലാണ് ഈ കത്തീഡ്രൽ പണിതീർത്തിരിക്കുന്നത്. മധ്യകാലഘട്ടത്തിലെ നിർമ്മാണ ചാതുരി വിളിച്ചോതുന്ന ഈ ദേവാലയം കാണാൻ ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകരും സഞ്ചാരികളുമാണ് ബ്രസൽസിലെത്തുന്നത്.
ബ്രസൽസിന്റെ ആത്മീയവും സാംസ്കാരികവുമായ അടയാളമായി നിലകൊള്ളുന്ന ഈ ദേവാലയം നൂറ്റാണ്ടുകളായി ബെൽജിയത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.