അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 800 മരണം: അനുശോചനം രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ

 
LEO 14

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഓഗസ്റ്റ് 31 ഞായറാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 800-ലധികം പേർ മരിച്ചു. 2,800 ലധികം പേർക്ക് പരിക്കേറ്റതായിട്ടാണ് പ്രാഥമിക നിഗമനം. അഫ്ഗാനിസ്ഥാനിലുണ്ടായ ഈ ദുരന്തത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചനം രേഖപ്പെടുത്തി.

അഫ്ഗാനിസ്ഥാനിൽ വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമായ ഭൂകമ്പം തദ്ദേശ അധികാരികളുടെ കണക്കനുസരിച്ച്, നൂർഗൽ, സാവ്കെ, വാതപൂർ, ദാര പെച്ച്, ചാപി ദാര എന്നീ ജില്ലകളിലാണ് ഉണ്ടായത്.

“കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ഉണ്ടായ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർക്കുവേണ്ടിയും ഇനിയും കണ്ടെത്താനുള്ളവർക്കുവേണ്ടിയും പ്രാർഥിക്കുന്നു.” ടെലിഗ്രാം സന്ദേശത്തിലൂടെ പാപ്പ അറിയിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട ടെലിഗ്രാം സന്ദേശത്തിൽ ഈ ദുരന്തം ബാധിച്ച എല്ലാവരെയും സർവ്വശക്തന്റെ പരിപാലനയിൽ പാപ്പാ ഭരമേൽപ്പിക്കുന്നതായി പറഞ്ഞു.

പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരോടും രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന അടിയന്തര സേവന ജീവനക്കാരോടും സിവിൽ അധികാരികളോടും പാപ്പ തന്റെ ഹൃദയംഗമമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

അർദ്ധരാത്രിയോടെ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം 5.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർചലനങ്ങൾ ഉണ്ടായി. നംഗർഹാർ പ്രവിശ്യയിൽ നിന്ന് 27 കിലോമീറ്റർ (16.7 മൈൽ) കിഴക്ക്, എട്ട് കിലോമീറ്റർ (ഏകദേശം അഞ്ച് മൈൽ) ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.

Tags

Share this story

From Around the Web