മലയാളവും ഇംഗ്ലീഷും കഴിഞ്ഞു, ഹിന്ദി ബൈബിൾ പകർത്തിയെഴുതുന്നതിന്റെ തിരക്കിൽ 74കാരി എമിലി മാത്യു

സമ്പൂര്‍ണ മലയാളം, ഇംഗ്ലീഷ് ബൈബിളുകള്‍ പകര്‍ത്തിയെഴുതിയതിനുശേഷം ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 74-ാം വയസില്‍ എമിലി മാത്യു. വളരെ വേഗത്തിലാണ് എഴുതുന്നതെങ്കിലും ആരെയും ആകര്‍ഷിക്കുന്ന അച്ചടിച്ചതുപോലെ മനോഹരമായ കൈയക്ഷരങ്ങളാണ് ഈ ബൈബിള്‍ പകര്‍ത്തിയെഴുത്തിനെ വേറിട്ടതാക്കുന്നത്.
10 മാസം കൊണ്ടാണ് മലയാളം ബൈബിള്‍ പൂര്‍ത്തിയാക്കിയത്. 2020 ഓഗസ്റ്റ് ഒന്നിന് തുടങ്ങി 2021 ജൂണ്‍ 14ന് പൂര്‍ത്തിയായി. ജൂണ്‍ 14 ആകുമ്പോള്‍ പൂര്‍ത്തിയാക്കണമെന്ന വലിയ ആഗ്രഹം എമിലി മാത്യുവിന് ഉണ്ടായിരുന്നു. അന്ന് ജന്മദിനമായിരുന്നു. ഇത്രയും കാലം തന്നെ ആരോഗ്യത്തോടെ കാത്തുപരിപാലിച്ച ദൈവത്തോടുള്ള നന്ദിപ്രകാശനമായിരുന്നത്. മലയാളം സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിനായി 3810 പേജുകള്‍ വേണ്ടിവന്നു.
2021 നവംബറിലാണ് ഇംഗ്ലീഷ് ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ആരംഭിച്ചത്. 2024 -ല്‍ പൂര്‍ത്തിയായി. മൂന്നു വര്‍ഷമെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇളയ മകന്‍ സിറില്‍ മാത്യുവിന് കുഞ്ഞ് ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഇംഗ്ലീഷ് ബൈബിള്‍ എഴുതിതുടങ്ങിയത്. കുഞ്ഞിന്റെ പരിപാലനവും അവന്റെ കുസൃതികളുമൊക്ക കാരണമാണ് മൂന്നു വര്‍ഷം നീണ്ടത്. തുടര്‍ന്നാണ് ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ആരംഭിച്ചത്. നാലു സുവിശേഷങ്ങളും കഴിഞ്ഞ് എഴുത്ത് വേഗത്തില്‍ മുമ്പോട്ടുപോകുകയാണ്.