അമേരിക്കയിലെ കത്തോലിക്കരിൽ 70% പേരും ലെയോ പാപ്പയെ അനുകൂലിക്കുന്നവർ
അമേരിക്കയിലെ കത്തോലിക്കരിൽ 70% പേരും ലെയോ പതിനാലാമൻ പാപ്പയെ അനുകൂലിക്കുന്നവരാണ്. അമേരിക്കൻ കത്തോലിക്കാ വോട്ടർമാരിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേർക്ക് മാർപാപ്പയെക്കുറിച്ച് അനുകൂലമായ അഭിപ്രായമാണുള്ളത്. വളരെ ചെറിയൊരു ശതമാനം മാത്രമേ പാപ്പയെ അനുകൂലിക്കാത്തവരായി കാണുന്നുള്ളൂ. റിയൽക്ലിയർ ഒപീനിയൻ റിസർച്ചും ഇഡബ്ള്യുടിഎൻ ന്യൂസും നടത്തിയ ഒരു വോട്ടെടുപ്പിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
ഡിസംബർ 11 ന് ഇരുസംഘടനകളും ചേർന്ന് പുറത്തിറക്കിയ 1,000 കത്തോലിക്കാ വോട്ടർമാരിൽ നടത്തിയ ഒരു സർവേയിൽ 70% ആളുകളും പാപ്പയെക്കുറിച്ച് ഏറെക്കുറെ അല്ലെങ്കിൽ വളരെ അനുകൂലമായ അഭിപ്രായമുണ്ടെന്നു പറഞ്ഞു. വെറും 4% പേർ മാത്രമാണ് പ്രതികൂലമായ വീക്ഷണം റിപ്പോർട്ട് ചെയ്തത്. ബാക്കിയുള്ള 26% പേർ നിഷ്പക്ഷരാണെന്ന് പറഞ്ഞു.
നവംബർ ഒൻപതിനും നവംബർ 11 നുമിടയിലാണ് സർവേ നടത്തിയത്; അതായത്, പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഏകദേശം ആറുമാസം കഴിഞ്ഞ്. ചിക്കാഗോയിൽ ജനിച്ച പാപ്പ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ്.