"54 കുത്തേറ്റത് ഒരു ശരീരത്തിലല്ല, സുവിശേഷത്തിലായിരുന്നു; ക്ഷമയുടെ അത്ഭുതമായ രക്തസാക്ഷി"
കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത
വാഴ്ത്തപ്പെട്ട റാണി മരിയ — രക്തസാക്ഷിയുടെ സുവിശേഷം
ഫെബ്രുവരി 25 — ഭാരത സഭയുടെ ചരിത്രത്തിൽ ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ദിവസം.
ഭാരതത്തിലെ പ്രഥമ വനിതാ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ബലിദിനം.
ദരിദ്രർക്കുവേണ്ടി ജീവിക്കുകയും അവർക്കുവേണ്ടി മരിക്കുകയും ചെയ്ത ഒരു കന്യാസ്ത്രീയുടെ സാക്ഷ്യദിനം.
മുപ്പത്തിയൊന്നു വർഷങ്ങൾ പിന്നിട്ടിട്ടും വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ ഒരു ഓർമ്മമാത്രമല്ല — ഒരു പ്രചോദനമാണ്.
കണ്ണുകളിൽ ദൈവകാരുണ്യത്തിന്റെ മൃദുലത, ഹൃദയത്തിൽ ഈശോയോടുള്ള തീക്ഷ്ണസ്നേഹം, കാലുകളിൽ മിഷൻ തീക്ഷ്ണതയുടെ അഗ്നിചിറകുകൾ — അങ്ങനെയായിരുന്നു അവളുടെ ജീവിതം.
---
പുല്ലുവഴിയിലെ മേരിക്കുഞ്ഞ്
1954 ജനുവരി 29.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലെ വട്ടാലിൽ കുടുംബത്തിൽ പൈലി–ഏലീശ്വ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമത്തെ മകളായി മേരിക്കുഞ്ഞ് ജനിച്ചു.
ശാന്തയും ആഴമുള്ളവളുമായ കുട്ടി.
അലങ്കാരങ്ങളിലും വിനോദങ്ങളിലും താൽപ്പര്യമില്ല.
ആരെയെങ്കിലും സഹായിക്കുന്നതായിരുന്നു അവളുടെ സന്തോഷം.
അമ്മ പറയുമായിരുന്നു:
“മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തമായ അനുസരണയും കരുണയും ചെറുപ്പം മുതൽ അവൾക്കുണ്ടായിരുന്നു.”
പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ വളർന്ന ആ കുട്ടി പിന്നീട് ലോകത്തെ സ്പർശിച്ച ഒരു മിഷനറിയാകുമെന്ന് ആരും കരുതിയില്ല.
---
സമർപ്പിത ജീവിതത്തിലേക്ക് വിളി
പഠനം അവസാനിക്കുമ്പോൾ അവൾ ദൈവവിളി തിരിച്ചറിഞ്ഞു.
1971 ജൂലൈ 3ന് കിടങ്ങൂരിലെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് മഠത്തിൽ പ്രവേശിച്ചു.
1974 മെയ് 1ന് അങ്കമാലിയിൽ പ്രഥമവ്രതം ചെയ്തു.
അന്നാണ് “മേരിക്കുഞ്ഞ്” — റാണി മരിയ ആയി മാറിയത്.
അവൾ ഈശോയോട് പറഞ്ഞിരുന്നു:
“എനിക്ക് മിഷനറിയായി ജീവിക്കണം… പാവങ്ങൾക്ക് വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ്.”
---
വടക്കേ ഇന്ത്യ — മിഷൻ ഭൂമി
ഭാഷ പഠിക്കാൻ പട്‌നയിൽ പരിശീലനം.
പിന്നീട് ബിജ്‌നോർ മിഷൻ.
അവിടെ അവൾ കണ്ടെത്തിയത് — നിരക്ഷരത, ചൂഷണം, കടപ്പണയ അടിമത്തം.
മരച്ചുവട്ടിൽ ആരംഭിച്ച ക്ലാസ് മുറി പിന്നീട് സ്കൂളായി.
20 കുട്ടികളോടെ ആരംഭിച്ച പഠനം ആയിരങ്ങളിലേക്ക് വളർന്നു.
അവൾ വിശ്വസിച്ചത്:
വിദ്യാഭ്യാസം മനുഷ്യനെ മോചിപ്പിക്കുന്നു.
---
കുടിലുകളുടെ കന്യാസ്ത്രീ
അവൾ അധ്യാപിക മാത്രമല്ല — സമൂഹത്തെ ഉയർത്തിയ പരിഷ്കർത്താവ്.
അവൾ
സ്ത്രീകൾക്ക് സ്വയം സഹായസംഘങ്ങൾ രൂപപ്പെടുത്തി
കർഷകർക്ക് ബാങ്ക് സമ്പാദ്യം പഠിപ്പിച്ചു
മദ്യപാനം അവസാനിപ്പിക്കാൻ പുരുഷന്മാരെ പ്രേരിപ്പിച്ചു
സർക്കാർ അവകാശങ്ങൾ അറിയിച്ചു
ഭൂവുടമകൾ അവളെ വെറുത്തു.
ദരിദ്രർ അവളെ അമ്മയായി സ്നേഹിച്ചു.
അവൾ പറഞ്ഞിരുന്നു:
“ദരിദ്രരിൽ ക്രിസ്തുവിനെ കാണുന്നതിനാലാണ് ഞങ്ങൾ ഇവിടെ.”
---
ജീവൻ കൊടുത്ത സാക്ഷ്യം
1995 ഫെബ്രുവരി 25
ഉദയ്നഗറിൽ നിന്ന് യാത്ര.
ബസ്സിൽ കയറിയവർ കൊലപാതകത്തിനായി കാത്തിരുന്നു.
അക്രമി സമന്ദർ സിംഗ് അവളെ 54 തവണ കുത്തി.
അവളുടെ അവസാന വാക്ക്:
“യേശുവേ…”
അവൾ മരിച്ചില്ല — സുവിശേഷമായി മാറി.
---
ക്ഷമയുടെ അത്ഭുതം
പിന്നീട് സംഭവിച്ചത് ലോകത്തെ അത്ഭുതപ്പെടുത്തി.
കൊലയാളിയെ കുടുംബം ക്ഷമിച്ചു.
സഹോദരി രാഖി കെട്ടി.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അവൻ സാമൂഹ്യപ്രവർത്തകനായി.
ക്രൂശിന്റെ സുവിശേഷം ചരിത്രമായി.
---
സഭയുടെ അംഗീകാരം
2003 — ദൈവദാസി
2017 — വാഴ്ത്തപ്പെട്ടവൾ (ഇൻഡോർ)
ഒരു കേരള ഗ്രാമത്തിലെ പെൺകുട്ടി — ഭാരതസഭയുടെ ആദ്യ വനിതാ രക്തസാക്ഷി.
---
റാണി മരിയ നമ്മെ പഠിപ്പിക്കുന്നത്
അവളുടെ ജീവിതം മൂന്നു വാക്കുകളിൽ:
കരുണ — നീതി — ക്ഷമ
ദരിദ്രർക്കായി ജീവിക്കുക
സത്യത്തിനായി നിൽക്കുക
ശത്രുവിനെയും ക്ഷമിക്കുക
അതാണ് സുവിശേഷത്തിന്റെ പൂർണ്ണ രൂപം.
---
ഞാൻ സാക്ഷിയായ അനുരഞ്ജനത്തിന്റെ ചരിത്രം
വ്യക്തിപരമായ ഓർമ്മക്കുറിപ്പ് — സാബു ജോസ്
സമന്ദർ സിംഗ് പുല്ലുവഴിയിലെ റാണി മരിയയുടെ വീട്ടിൽ എത്തിയ ദിവസം ഇന്നും എന്റെ മനസിൽ വ്യക്തമാണ്.
സ്വാമി അച്ചനും വീട്ടിലെ കുറച്ച് അംഗങ്ങളും ഒഴികെ അവിടെ ഉണ്ടായിരുന്നത് ഞാനും ശ്രീ ബേബിച്ചൻ ഏർത്തയിലും മാത്രമായിരുന്നു. അടുത്ത ബന്ധുക്കൾക്കും അയൽക്കാരർക്കും പോലും വിവരം അറിയിച്ചിരുന്നില്ല. അത് ഒരു വാർത്തയല്ല — ഒരു ആത്മീയ അനുഭവമായിരുന്നു.
അടുത്ത ഞായറാഴ്ച പുറത്തിറങ്ങിയ മനോരമ സൺഡേ സപ്പ്ളിമെന്റിലും സൺഡേ ശാലോം പത്രത്തിലും ഞാൻ തയ്യാറാക്കിയ പ്രത്യേക ഫീച്ചറിലൂടെയാണ് ലോകം ആ അത്ഭുതകരമായ അനുരഞ്ജനത്തെക്കുറിച്ച് അറിഞ്ഞത്.
പിന്നീട് പല തവണ ഇൻഡോറിലെ ഉദയ്നഗറിലേക്ക് പോകുവാൻ എനിക്ക് അവസരം ലഭിച്ചു. സമന്ദർ സിംഗിന്റെ വീട്ടിലും സന്ദർശിച്ചു. ആ സന്ദർശനങ്ങൾ എന്നെ ഒരേയൊരു സത്യത്തിലേക്ക് എത്തിച്ചു — ക്ഷമ മനുഷ്യനെ പുതുതായി സൃഷ്ടിക്കുന്നു.
അവിടെ നിന്നാണ് റാണി മരിയ ഫൗണ്ടേഷൻ രൂപം കൊണ്ടത്.
അതിന്റെ ആദ്യ അംഗം — ഒരിക്കൽ കൊലയാളിയായിരുന്ന സമന്ദർ സിംഗ് തന്നെ.
ഇൻഡോറിൽ നടന്ന വാഴ്ത്തപ്പെട്ടവളാക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനും, ആ മഹത്തായ നിമിഷങ്ങളുടെ വീഡിയോ തയ്യാറാക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു.
ഇന്ന് പുല്ലുവഴിയിലെ റാണി മരിയയുടെ വീട് എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള മഠമായി മാറിയിരിക്കുന്നു. അവിടെ ദിവസേന വിശുദ്ധ കുർബാന അർപ്പിക്കുന്നു. പുല്ലുവഴി പള്ളിയും തീർത്ഥാടനകേന്ദ്രമായി വളർന്നിരിക്കുന്നു.
റാണി മരിയയുടെ ജീവിതം അവസാനിച്ചിട്ടില്ല — അത് തുടരുന്നു.
സഭ അവളെ ഉടൻ വിശുദ്ധയായി പ്രഖ്യാപിക്കും എന്ന പ്രത്യാശ നമ്മുക്കുണ്ട്. മാർപാപ്പ ലിയോ ഭാരതത്തിൽ എത്തുന്ന ദിനത്തിൽ ആ മഹത്തായ പ്രഖ്യാപനം നടക്കുവാൻ നാം പ്രാർത്ഥിക്കാം.
രക്തസാക്ഷികൾ മരിക്കുന്നില്ല.
അവർ വിശ്വാസമായി ജീവിക്കുന്നു.
---
സമാപനം — തിരുനാൾ സ്മരണയിൽ
വാഴ്ത്തപ്പെട്ട റാണി മരിയയുടെ സാക്ഷ്യം ഒരു ചരിത്രസംഭവമല്ല, ഇന്നും ജീവിക്കുന്ന വിശ്വാസമാണ്.
ദരിദ്രരോടുള്ള കരുണയും അനീതിക്കെതിരായ ധൈര്യവും ശത്രുവിനോടുള്ള ക്ഷമയും — ക്രിസ്തീയ ജീവിതത്തിന്റെ പൂർണ്ണരൂപം അവൾ നമ്മെ പഠിപ്പിക്കുന്നു.
ഈ ആത്മീയ പാരമ്പര്യം തുടരുന്ന സ്മരണയായി, പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിൽ 2026 ഫെബ്രുവരി 16 മുതൽ 25 വരെ തിരുനാൾ ആഘോഷിക്കുന്നു.
📅 ഫെബ്രുവരി 25 — പ്രധാന തിരുനാൾ
🕔 വൈകിട്ട് 5.00 — പ്രദക്ഷിണം
⛪ ആഘോഷമായ തിരുനാൾ പട്ടുകുർബാന
കാർമ്മികൻ: വ. ഫാ. ജോസഫ് കരുമുത്തിൽ
വികാരി: ഫാ. പോൾ ചുള്ളി
റാണി മരിയയുടെ സാക്ഷ്യം നമ്മുടെ സമൂഹത്തെ കരുണയുടെയും ക്ഷമയുടെയും വഴിയിൽ നടത്തട്ടെ.
---
സാബു ജോസ്
എറണാകുളം
📞 9446329343
(ലേഖകൻ സിസ്റ്റർ റാണി മരിയ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയും, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററും, മുൻ പ്രസിഡണ്ടും ആണ്.)