വിശ്വാസവഴിയിൽ 40-ാം വർഷം; മലയാറ്റൂർ മല ചവിട്ടാൻ മന്ത്രി റോഷി അഗസ്റ്റിൻ കാൽനടയായി യാത്ര തിരിച്ചു

 
22

ചെറുതോണി: പതിവ് തെറ്റിച്ചില്ല, നാൽപ്പതാം വർഷവും റോഷിയും സംഘവും കാൽനടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്ത് കത്തിക്കാളുന്ന വെയിലിനെ അവഗണിച്ച് ഇന്ന് (വെള്ളിയാഴ്ച) അർധരാത്രിക്ക് മുൻപായി കുരിശ് മല ചവിട്ടാൻ കഴിയുമെന്നാണ് കരുതുന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് മലയാറ്റുരേക്ക് പോവുക. മീങ്കുന്നം പള്ളിയുടെ മുൻപിലായി കുറച്ചു നേരം വിശ്രമിക്കുന്നതൊഴിച്ചാൽ തുടർച്ചയായി നടന്ന് മലയാറ്റൂരിലെത്തുകയാണ് സംഘം. പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്ക് കാല്‍ നടയായി മലയാറ്റൂരിലേക്ക് തുടങ്ങിയ യാത്രയ്ക്ക് തിരഞ്ഞെടുപ്പ് കാലത്തു പോലും അവധി നല്‍കിയിട്ടില്ല.

മുടങ്ങിയത് കോവിഡ് കാലത്ത് മാത്രം

1985 ല്‍ തുടങ്ങിയ യാത്ര കഴിഞ്ഞ മുടങ്ങിയത് കൊവിഡ് കാലത്ത് ഒരിക്കല്‍ മാത്രമാണ്. ഇക്കാലയളവിലെല്ലാം യാത്രയ്ക്ക് ഭംഗം വരുത്താതെ വഴി നടത്തിയത് വിശ്വാസ തീഷ്ണത ഒന്ന് മാത്രമാണെന്ന് റോഷി പറയുന്നു. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ആണ് ഈ യാത്ര സമ്മാനിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

മുമ്പ് പുതു ഞായറാഴ്ച ആയിരുന്ന മലയാറ്റൂര്‍ യാത്ര, 1996 ല്‍ പേരാന്പ്രയില്‍ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു ചൂടിലായി. ഇതോടെ യാത്ര പെസഹാ ദിവസത്തേക്ക് മാറ്റി. ചക്കാമ്പുഴയിലെ തറവാട്ട് വീട്ടില്‍നിന്നു പെസഹ അപ്പം മുറിച്ചതിനു ശേഷമാണ് യാത്ര തിരിക്കുന്നത്. അമ്മ ലീലാമ്മ കൊന്ത നല്‍കി അനുഗ്രഹിക്കും.

പാലാ ചക്കാമ്പുഴ ലൊരേത്ത്മാതാ പള്ളിയില്‍ നിന്ന് മലയാറ്റൂര്‍ മല കയറാന്‍ നടന്നു പോകുന്നത് പതിവ് ഉണ്ടായിരുന്നു. വികാരിയച്ചന്റെ നേതൃത്വത്തിലുള്ള കാല്‍നട യാത്രാസംഘത്തില്‍ ചെറുപുഷ്പം മിഷന്‍ലീഗില്‍ അംഗമായാണ് യാത്രയുടെ തുടക്കം. പത്തും ഇരുപതും വര്‍ഷമായി നടക്കുന്നവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

'ചിലര്‍ എന്തെങ്കിലും നേര്‍ച്ചയുടെ ഭാഗം ആയിട്ടാണ് മല ചവിട്ടുന്നത്. എനിക്ക് അത്തരം നേര്‍ച്ചകള്‍ ഒന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ല. ദൈവത്തില്‍ മനസ്സ് അര്‍പ്പിച്ച് പീഡാനുഭവ സ്മരണയില്‍ യാത്ര തുടരുകയാണ്. 6 വർഷം മുൻപ് പെസഹ വ്യാഴാഴ്ചയ്ക്കു മുൻപായി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമ്പോൾ ഒരു അപകടം നേരിട്ടെങ്കിലും ഒരു പോറൽ പോലും ഏൽക്കാതിരുന്നത് വിശ്വാസ തീക്ഷ്‌ണത ഒന്നു കൊണ്ടു മാത്രമാണെന്നു വിശ്വസിക്കാനാണ് ഇഷ്‌ടമെന്നും റോഷി പറയുന്നു.

Tags

Share this story

From Around the Web