തിരുഹൃദയ തിരുനാളിൽ ലെയോ പതിനാലാമൻ പാപ്പയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചത് 32 പേർ

ഈശോയുടെ തിരുഹൃദയ തിരുനാളും, പൗരോഹിത്യ വിശുദ്ധീകരണ ദിനവും സംയുക്തമായി ആഘോഷിക്കുന്ന ജൂൺ 27 ന് 32 പേർ ലെയോ പതിനാലാമൻ പാപ്പയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പ്രാദേശിക സമയം രാവിലെ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം നടന്നത്.
ദക്ഷിണ കൊറിയ, മെക്സിക്കോ, നൈജീരിയ, ഇന്ത്യ, വിയറ്റ്നാം, ഉക്രൈൻ, ഉഗാണ്ട, എത്യോപ്യ, റൊമാനിയ എന്നിവയുൾപ്പെടെ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് അഭിഷിക്തരായ നവവൈദികർ. പൗരോഹിത്യസ്വീകരണ ദിനം വൈദികരുടെ ജീവിതത്തിൽ അനന്യമായ ഒരു ദിനമാണെന്നും, ഇത് വിശുദ്ധീകരണത്തിന്റെ വലിയ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നതാണെന്നും പാപ്പ വൈദികരെ ഓർമ്മപ്പെടുത്തി.
“ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുക, കൂദാശകളുടെ ആഘോഷത്തിലും പ്രാർഥനയിലും പ്രത്യേകിച്ച് ആരാധനയിലും ശുശ്രൂഷയിലും ഉദാരമതികളും തീക്ഷ്ണതയുള്ളവരുമായിരിക്കുക; നിങ്ങളുടെ അജഗണത്തോട് അടുത്തുനിൽക്കുക, എല്ലാവർക്കുമായി നിങ്ങളുടെ സമയവും ഊർജ്ജവും നൽകുക, നിങ്ങൾക്കുവേണ്ടി ഒന്നും ശേഖരിച്ചുവയ്ക്കാതിരിക്കുക”- പാപ്പ പിതൃവാത്സല്യത്തോടെ നവവൈദികരെ ഓർമ്മപ്പെടുത്തി.