കോംഗോയിൽ കത്തോലിക്കാ ദൈവാലയത്തിൽ ഭീകരാക്രമണം: 31 ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടു

 
www

കോംഗോയിലെ കത്തോലിക്കാ ദൈവാലയത്തിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സായുധ സംഘം നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഇറ്റൂരി പ്രാവിശ്യയിലെ കോമാണ്ടയിലാണ് ആക്രമണം നടന്നത്. സ്ഥലത്തെ ഒരു കത്തോലിക്കാ പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) അംഗങ്ങൾ കൊമാണ്ട പട്ടണത്തിലെ ഒരു പള്ളിയിൽ അതിക്രമിച്ചു കയറുകയും അവിടെ ആരാധനയ്ക്ക് എത്തിയവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. തുടർന്ന് അവിടം കൊള്ളയടിക്കുകയും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് തീയിടുകയും ചെയ്തു.

ധാതുക്കളാൽ സമ്പന്നമായ ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിന്റെ പേരില്‍ നിരവധി സായുധ ഗ്രൂപ്പുകല തർക്കത്തിലാണ്.

“പള്ളിക്ക് അകത്തും പുറത്തും 21-ലധികം പേർ വെടിയേറ്റ് മരിച്ചു, കുറഞ്ഞത് മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. നിരവധി വീടുകളും കത്തിനശിച്ചു. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്, ” കൊമാണ്ടയിലെ സിവിൽ സൊസൈറ്റി കോർഡിനേറ്റർ ആയ ഡിയുഡോൺ ഡുറന്തബോ മാധ്യമങ്ങളോട് പറഞ്ഞു.

“യൂക്കറിസ്റ്റിക് ക്രൂസേഡ് എന്ന ഭക്ത സംഘടനയിലെ കുറഞ്ഞത് 31 അംഗങ്ങൾ എങ്കിലും മരിച്ചിട്ടുണ്ട്, ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചില യുവാക്കളെ തട്ടിക്കൊണ്ടുപോയി; അവരെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു വിവരവും ഇല്ല” എന്ന് സമീപപ്രദേശത്തുള്ള ഫാ. ഐമെ ലോകാന ധേഗോ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ഞായറാഴ്ച തന്റെ എക്സ് അക്കൗണ്ടിലൂടെ കൂട്ടക്കൊലയെ അപലപിച്ചു.

“ആരാധനാസ്ഥലങ്ങൾ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടുകയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും വേണം. ഇരകളുടെ കുടുംബങ്ങളോടും കോംഗോ ജനതയോടും ഇറ്റലി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു,” അദ്ദേഹം എക്‌സിൽ പറഞ്ഞു.

Tags

Share this story

From Around the Web