ദക്ഷിണ സുഡാനിൽ 26 ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ജീവനക്കാരെ കാണാതായി
ദക്ഷിണ സുഡാനിലെ ജോംഗ്ലി സ്റ്റേറ്റിൽ മെഡിക്കൽ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടന്ന് ഒരുമാസം പിന്നിടുമ്പോഴും, തങ്ങളുടെ 26 ജീവനക്കാരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അന്താരാഷ്ട്ര മെഡിക്കൽ ചാരിറ്റിയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (എംഎസ്എഫ്) അറിയിച്ചു. ഇവർ എവിടെയാണെന്നോ, ജീവനോടെയുണ്ടോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ഫെബ്രുവരി മൂന്നിനാണ് ലങ്കിയൻ, പിയേരി എന്നീ പട്ടണങ്ങളിലെ എംഎസ്എഫ് കേന്ദ്രങ്ങൾക്കു നേരെ ആക്രമണം ഉണ്ടായത്. അക്രമണത്തെത്തുടർന്ന് ജീവനക്കാരും രോഗികളും പ്രാണരക്ഷാർഥം സമീപത്തെ വനപ്രദേശങ്ങളിലേക്ക് ഓടിപ്പോവുകയായിരുന്നു. ആക്രമണത്തിനു ശേഷം തിരിച്ചെത്തിയവരിൽ പലരും സുരക്ഷിതരാണെങ്കിലും, 26 പേർ ഇതുവരെയും തിരികെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവരെ കണ്ടെത്താനായി സന്നദ്ധസംഘടനകൾ വലിയ തോതിലുള്ള തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
ജീവനക്കാരെ കാണാതായതോടെ ആ മേഖലയിലെ ഏക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ഇതോടെ ആയിരക്കണക്കിന് ആളുകൾക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുകയാണ്. ഡിസംബർ മുതൽ തുടരുന്ന അക്രമത്തിൽ ഏകദേശം 2,80,000 ആളുകളാണ് കുടിയിറക്കപ്പെട്ടിട്ടുള്ളത്.