കുരിശടയാളം വഴിയായി നാം നേടുന്ന 21 ആനുകൂല്യങ്ങൾ

 
cross

കുരിശടയാളം വരയ്ക്കുക വളരെ ലളിതമായ ഒരു ആംഗ്യമാണെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ വലിയ ഒരു പ്രഘോഷണമാണത്. കത്തോലിക്കാ ഓർത്തഡോക്സ് ആരാധനക്രമങ്ങളിൽ കുരിശു വരയ്ക്ക് വലിയ പ്രാധ്യാന്യം ഉണ്ട്. കുരിശടയാളത്താൽ നമ്മളെത്തന്നെ മുദ്ര ചെയ്യുമ്പോൾ സത്യത്തിൽ എന്താണ് നാം ചെയ്യുക?

1. കുരിശടയാളം ഒരു പ്രാർത്ഥന തന്നെ.

ക്രൈസ്തവർ പ്രാർത്ഥന ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും കുരിശടയാളത്തോടെയാണ്. ഈ അടയാളം തന്നെ ഒരു പ്രാർത്ഥനയാണ് . ദൈവത്തിങ്കലേക്ക് നമ്മുടെ ഹൃദയത്തെ ഉയർത്തുന്നതാണ് യഥാർത്ഥ പ്രാർത്ഥനയുടെ അന്തസത്ത എങ്കിൽ കുരിശടയാളത്താലുള്ള മുദ്ര ചാർത്തൽ പ്രാർത്ഥനയാണെന്നു വി.ജോൺ ഡമഷ്യൻ പഠിപ്പിക്കുന്നു.

2. ദൈവകൃപയിലേക്കുള്ള തുറവി

കുരിശടയാളം വരക്കുമ്പോൾ ദൈവാനുഗ്രഹം സ്വീകരിക്കാനും ദൈവകൃപയോട് സഹകരിക്കാനും ഞാൻ സന്നദ്ധനാണ് എന്ന് ഒരുവൻ ഏറ്റു പറയുകയാണ് ചെയ്യുക.

3. ദിവസത്തെ വിശുദ്ധീകരിക്കുന്നു

ദിവസത്തിൽ പല തവണ കുരിശടയാളം വരയ്ക്കുമ്പോൾ ദിവസത്തിന്റെ ഓരോ വിനാഴിക കളിലും നാം വിശുദ്ധീകരിക്കപ്പെടുന്നു.തെർത്തുല്യൻ ഇപ്രകാരം എഴുതുന്നു “ഓരോ ചുവടിലും ചലനത്തിലും, പുറത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും വസ്ത്രവും ചെരിപ്പും ധരിക്കുമ്പോഴും കുളിക്കുമ്പോഴും, ഇരിക്കുമ്പോഴും, വിളക്ക് തെളിക്കുമ്പോഴും ഉറങ്ങുമ്പോഴും ദിവസത്തിലെ എല്ലാ ചെയ്തികൾക്ക് മുമ്പും നെറ്റിയിൽ കുരിശടയാളം വരയ്ക്കണം”.

4. ജീവിതം മുഴുവൻ ക്രിസ്തുവിനു സമർപ്പിക്കുന്നു

കുരിശു വരയ്ക്കാനായി നമ്മുടെ കരങ്ങൾ നെറ്റിയിലും ഹൃദയത്തിലും ഇരു തോളുകളിലും സ്പർശിക്കുമ്പോൾ, നമ്മുടെ ശരീരത്തിനും, മനസ്സിനും, വിചാരങ്ങൾക്കും, ആഗ്രഹങ്ങൾക്കും വേണ്ട ദൈവാനുഗ്രഹം ചോദിക്കുകയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കുരിശടയാളം നമ്മുടെ ശരീരവും ആത്മാവും മനസ്സും ഹൃദയവും ക്രിസ്തുവിനു സമർപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ജർമ്മൻ ദൈവശാസ്ത്രജ്ഞനായ റോമാനോ ഗ്വാർഡിനിയുടെ (Romano Guardini) അഭിപ്രായത്തിൽ “നിങ്ങളുടെ ജീവിതം മുഴുവനും – ശരീരം, ആത്മാവ്, മനസ്സ്, ഇച്ഛാശക്തി, ചിന്തകൾ, വികാരങ്ങൾ, നിങ്ങളുടെ ചെയ്തികളും – കുരിശിനാൽ മുദ്ര ചെയ്യുമ്പോൾ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ക്രിസ്തുവിന്റെ ശക്തി നിങ്ങളെ ബലപ്പെടുത്തുകയും പവിത്രീകരിക്കുകയും ചെയ്യുന്നു.”

5. ക്രിസ്തുവിന്റെ മനുഷ്യവതാരം ഓർമ്മിപ്പിക്കുന്നു.

കുരിശു വരയ്ക്കുമ്പോൾ നമ്മുടെ കൈകളുടെ ചലനം താഴോട്ടാണ് നെറ്റിയിൽ നിന്ന് മാറിടത്തിലേക്ക്. ഇത് ക്രിസ്തു സ്വർഗ്ഗസിംഹാസനത്തിൽ നിന്നു സ്വയം താഴ്ന്ന് ഭൂമിയിൽ മനുഷ്യവതാരം ചെയ്തതിനെയാണ് സൂചിപ്പിക്കുക.ഇന്നസെന്റ് മൂന്നാം മാർപാപ്പയുടെ വീക്ഷണത്തിൽ കുരിശടയാളം വരയ്ക്കുമ്പോൾ രണ്ട് വിരലുകൾ ചേർത്തു പിടിക്കുമ്പോൾ ക്രിസ്തുവിന്റെ ദൈവ സ്വഭാവത്തെയും മനുഷ്യ സ്വഭാവത്തെയുമാണ് നാം ഓർമ്മിക്കുക.

6. നമ്മുടെ കർത്താവിന്റെ പീഡാനുഭവം സ്മരിക്കുന്നു.

അടിസ്ഥാനപരമായി ഓരോ കുരിശടയാളവും ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണ നമ്മിൽ ഉണർത്തുന്നു. കൈ തുറന്ന് അഞ്ചു വിരലുകളും ഉപയോഗിച്ച്‌ കുരിശ് വരയ്ക്കുമ്പോൾ ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളിലുള്ള പങ്കു ചേരലാണ്.

7. പരിശുദ്ധ ത്രിത്വത്തെ അംഗീകരിക്കുന്നു

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ കുരിശു വരയ്ക്കുമ്പോൾ ത്രീയേക ദൈവത്തിലുള്ള വിശ്വാസം അംഗീകരിച്ച് ഏറ്റുപറയുകയാണ്. മൂന്നു വിരലുകൾ കൂട്ടി ചേർത്ത് കുരിശ് വരയ്ക്കുമ്പോൾ ഈ രഹസ്യം പ്രഘോഷിക്കുകയാണന്നു ഇന്നസെന്റ് മൂന്നാമൻ മാർപാപ്പാ പഠിപ്പിക്കുന്നു.

8. ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നു.

പ്രാർത്ഥനയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രലോഭനം നമ്മുടെ ശ്രദ്ധ പതറുന്നു എന്നതാണ്. കുരിശടയാളത്തിലൂടെ നമ്മുടെ ശ്രദ്ധ പരിശുദ്ധ ത്രിത്വത്തിൽ വയ്ക്കാൻ കഴിയുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ നാമം നാം വിളിക്കുമ്പോൾ നാം സൃഷ്ടിച്ച ദൈവത്തിലല്ല, പകരം നമ്മെ സൃഷ്ടിച്ച ദൈവത്തിലാണ് പ്രതീക്ഷ അർപ്പിക്കുക.

9. പിതാവിൽ നിന്നുള്ള പുത്രന്റെയും ആത്മാവിന്റെയും പുറപ്പാട് ( procession) വിശ്വസിക്കുന്നു.

കുരിശു വരയ്ക്കാനായി നമ്മുടെ കരം നെറ്റിയിൽ തൊടുമ്പോൾ ത്രിത്വത്തിലെ ഒന്നാമത്തെ വ്യക്തിയായി പിതാവിനെ അംഗീകരിക്കുന്നു ,കരം താഴേക്കു കൊണ്ടു വരുമ്പോൾ പിതാവിൽ നിന്നു പുറപ്പെടുന്ന പുത്രനെ സൂചിപ്പിക്കുന്നു. അവസാനം പരിശുദ്ധാത്മാവിൽ അവസാനിക്കുമ്പോൾ, ആത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നു എന്ന വിശ്വാസ സത്യമാണ് നാം അംഗീകരിക്കുന്നതെന്ന് വി.ഫ്രാൻസീസ് സാലസ് പറയുന്നു.

10. നമ്മുടെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ.

ക്രിസ്തുവിന്റെ മനുഷ്യാവതാരം, കുരിശുമരണം, പരിശുദ്ധ ത്രിത്വം എന്നീ വിശ്വാസ സത്യങ്ങൾ കുരിശടയാളത്തിലൂടെ പരസ്യമാക്കുമ്പോൾ അത് വാക്കിലും പ്രവർത്തിയിലുമുള്ള ഒരു വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാകുന്നു.

11. ദൈവത്തിന്റെ ശക്തമായ നാമം വിളിക്കുന്നു.

ദൈവനാമത്തിനു ശക്തിയുണ്ട്. വി. യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ ഇപ്രകാരം പറയുന്നു. നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവു പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തു തരും ( യോഹ 14:13-14)

12. ക്രിസ്തുവിനൊപ്പം നമ്മളും ക്രൂശിക്കപ്പെടുന്നു.

ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച് കുരിശുമെടുത്ത് പിന്നാലെ വരണമെന്ന് യേശു ശിഷ്യന്മാരോട് പറയുന്നു (മത്താ: 16:24). വി. പൗലോസ് ക്രിസ്തുവിനോടു കൂടി ഞാൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു (ഗലാ: 2:19). കുരിശടയാളം കുരിശു ജീവിതത്തോടുള്ള മനസമ്മതമാണ്.

13. നമ്മുടെ സഹനങ്ങളിൽ സഹായം യാചിക്കുന്നു.

കരിശടയാളത്താൽ ഇരുതോളിലും മുദ്ര അണിയുമ്പോൾ സഹനങ്ങൾ താങ്ങാൻ കരുത്തു തരണേ എന്നാണ് നാം പ്രാർത്ഥിക്കുക.

14. നമ്മുടെ മാമ്മോദീസായെ വീണ്ടും പുതുക്കുന്നു

നാം മാമ്മോദീസാ സ്വീകരിച്ച അതേ വാക്കുകളാൽ നാം കുരിശടയാളം വരയ്ക്കുമ്പോൾ നമ്മുടെ മാമ്മോദീസായെ വീണ്ടും നാം അംഗീകരിക്കുകയും സാംശീകരിക്കുകയും ചെയ്യുന്നതായി ബനഡിക്ട് പതിനാറാമൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

15. ശാപത്തെ ദുർബലമാക്കുന്നു.

കുരിശടയാളം കടങ്ങളുടെ പൊറുതിയും പാപങ്ങളുടെ മോചനവും സാധ്യമാക്കുന്നു.
കുരിശു വരയ്ക്കുമ്പോൾ ശാപങ്ങളുടെ ഇടതു വശത്തു നിന്നു അനുഗ്രഹങ്ങളുടെ വലതുവശത്തേക്ക് ഒരു കടന്നു പോകൽ സംഭവിക്കുന്നതായി വി. ഫ്രാൻസീസ് സാലസ് പറയുന്നു. ഇന്നസെന്റ് രണ്ടാമൻ പാപ്പായുടെ അഭിപ്രായത്തിൽ ഇടതു വശത്തു നിന്നു വലതു വശത്തേയ്ക്ക് കുരിശു വരയ്ക്കുമ്പോൾ നമ്മുടെ വർത്തമാനകാല ദുരിതങ്ങളിൽ നിന്ന് ക്രിസ്തുവിന്റെ മഹത്വത്തിലേക്കുള്ള നമ്മുടെ ഭാവി കടന്നുപോകലിനെയാണ് സൂചിപ്പിക്കുക.

16. ക്രിസ്തുവിനാൽ നാം പുനർ നിർമ്മിക്കപ്പെടുന്നു.

കൊളോസോസുകാർക്കുള്ള ലേഖനം മൂന്നാം അധ്യായത്തിൽ പൗലോസ് ശ്ലീഹാ പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്കാസനം ചെയ്യുവിൻ. സമ്പൂർണ്ണജ്ഞാനം കൊണ്ട് സ്രഷ്ടാവിന്റെ പ്രതിച്ഛായക്ക് അനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിൻ എന്നുപദേശിക്കുന്നു.(കൊളോ 3:9-10 ).സഭാപിതാക്കമാർ കുരിശിൽ ഈശോയുടെ വസ്ത്രം ഉരിയുന്നതും ഈ വാക്യവും തമ്മിൽ ഒരു ബന്ധം കാണുന്നു. പഴയ മനുഷ്യനെ ചെയ്തികളോടെ നിഷ്കാസനം ചെയ്യുന്നതും പുതിയ മനുഷ്യനെ ധരിക്കുന്നതുമായ കൂദാശയാണ് മാമോദീസാ.
അമേരിക്കൻ ദൈവശാസ്ത്രജ്ഞനായ ബേർട്ട് ഗേസ്സിയുടെ ( Bert Ghezzi) അഭിപ്രായത്തിൽ
കുരിശടയാളം ക്രിസ്തുവിന്റെ കുരിശിലുള്ള വസ്ത്രം ഉരിയലിന്റെ പരിത്യക്തതയിലും, അവന്റെ ഉത്ഥാനത്തിന്റെ മഹത്വത്തിലുള്ള പുതിയ മനുഷ്യനെ ധരിക്കുന്നതിലുള്ള പങ്കാളിത്തവുമാണ്.

17. നാം ക്രിസ്തുവിന്റെ സ്വന്തമാണന്നുള്ള അടയാളം.

പുരാതന ഗ്രീസിൽ അടയാളത്തിനുള്ള വാക്ക് സ്ഫാർഗിസ് (σφραγίς sphragis ) എന്നായിരുന്നു. ഉടമസ്ഥാവകാശത്തെയാണ് ഇത് സൂചിപ്പിക്കുക. ഗേസ്സീയുടെ അഭിപ്രായത്തിൽ ഉദാഹരണത്തിന് ഒരു ഇടയൻ തന്റെ ആടുകളെ തന്റെ സ്വത്തായി കരുതി പ്രത്യേകം അടയാളപ്പെടുത്തി മാറ്റി നിർത്തിയിരുന്നു. ഈ അടയാളത്തിന് sphragis എന്നാണ് പറഞ്ഞിരുന്നത്, കുരിശടയാളം വരയ്ക്കുമ്പോൾ നമ്മുടെ യഥാർത്ഥ ഇടയനായ ക്രിസ്തുവിനു സ്വന്തമാണെന്നു പ്രഖ്യാപിക്കുകയാണ് നാം ചെയ്യുക.

18. ക്രിസ്തുവിന്റെ പടയാളികൾ

സ്ഫാർഗിസ് എന്ന ഗ്രീക്ക് വാക്കിന് പടയാളികളുടെ ദേഹത്തു വരക്കുന്ന മുദ്ര എന്നും അർത്ഥമുണ്ട്. നമ്മൾ ക്രിസ്തുവിന്റെ പടയാളികളാണ്. പൗലോസ് ശ്ലീഹാ എഫേസോസുകാർക്ക് എഴുതിയതു പോലെ “ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ .തിന്മയുടെ ദിനത്തിൽ ചെറുത്തു നിൽക്കാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചു നിൽക്കാനും അങ്ങനെ നിങ്ങൾക്ക് സാധിക്കും. (എഫേ6:13).

19. സാത്താനെതിരെയുള്ള ശക്തമായ കോട്ട.

സാത്താനെതിരായ യുദ്ധത്തിൽ ശക്തമായ ആയുധമാണ് കുരിശ്.വി.ജോൺ ക്രിസോസ്തോമിന്റെ അഭിപ്രായത്തിൽ കുരിശടയാളം കാണുമ്പോൾ തന്നെ അടിക്കാനുള്ള വടി ആണെന്നു കരുതി സാത്താൻ ഭയന്നോടുന്നു. കുരിശടയാളം കുരിശുദ്ധ കാലത്ത് വിജയ മുദ്രയായിരുന്നു. നാരകീയ ശക്തികളെ എതിർക്കാനുള്ള ഏറ്റവും ഫലപ്രദവും ശക്തവുമായ ആയുധം കുരിശു തന്നെ.

20. ആത്മാവിലുള്ള മുദ്ര

പുതിയ നിയമത്തിൽ sphragis മുദ്ര (Seal) എന്ന അർത്ഥവുമുണ്ട്. വി. പൗലോസ് കൊറിന്തോസുകാർക്കുള്ള രണ്ടാം ലേഖനം ഒന്നാം അധ്യായം 22 വാക്യത്തിൽ പഠിപ്പിക്കുന്നതുപോലെ “അവിടുന്ന് നമ്മിൽ തന്റെ മുദ്ര പതിപ്പിക്കുകയും അച്ചാരമായിട്ടു തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു”. കുരിശടയാളം വരയ്ക്കുമ്പോൾ നമ്മുടെ ആത്മാവിനെയും ശരീരത്തെയും ശക്തമായ സംരക്ഷണം കൊണ്ട് മുദ്ര ചെയ്യുകയാണ്.

21. മറ്റുള്ളവർക്കുള്ള സാക്ഷ്യമാണ്.

പൊതുജന സമക്ഷം കുരിശടയാളം വരയ്ക്കുമ്പോൾ അത് നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ ലളിതമെങ്കിലും, വലിയ സാക്ഷ്യമാണ്. ജറുസലേമിലെ വി. സിറിൽ ഇപ്രകാരം ഉപദേശിക്കുന്നു. “ക്രൂശിതനെ ഏറ്റു പറയുന്നതിൽ മടികാണിക്കരുത്. കുരിശ് നമ്മുടെ ശക്തമായ മുദ്രയായിരിക്കട്ടെ, നമ്മൾ ഭക്ഷിക്കുന്ന അപ്പത്തിലും, പാനം ചെയ്യുന്ന വെള്ളത്തിലും, നമ്മുടെ യാത്രകളിലും, മടങ്ങിവരവിലും, ഉറക്കത്തിനു മുമ്പും ഉറങ്ങുമ്പോഴും ഉണരുമ്പോഴും, നമ്മുടെ വഴികളിലും, നിശബ്ദതയിലും വി. കുരിശ് സംരക്ഷണമാകട്ടെ.

വിവര്‍ത്തനം – ഫാ. ജെയ്‌സണ്‍ കുന്നേല്‍

Tags

Share this story

From Around the Web