അഫ്ഗാനിൽ ഈ വർഷം കടുത്ത പോഷകാഹാരക്കുറവ് നേരിടേണ്ടിവരുന്നത് രണ്ട് ലക്ഷം കുട്ടികൾക്ക്: യുഎൻ മുന്നറിയിപ്പ്
വിദേശ സഹായ വെട്ടിക്കുറയ്ക്കലും പാക്കിസ്ഥാനുമായുള്ള അതിർത്തി സംഘർഷവും മൂലം പട്ടിണി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ഈ വർഷം ലക്ഷക്കണക്കിന് കുട്ടികൾ അഫ്ഗാനിസ്ഥാനിൽ കടുത്ത പോഷകാഹാരക്കുറവ് നേരിടേണ്ടിവരുമെന്ന് യുഎൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക തകർച്ചയും അന്താരാഷ്ട്ര സഹായങ്ങളുടെ കുറവുമാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കുന്നത്.
2021 ൽ താലിബാൻ അധികാരം തിരിച്ചുപിടിച്ചതിനുശേഷം അഫ്ഗാനിസ്ഥാനുള്ള അന്താരാഷ്ട്ര സഹായം കുത്തനെ കുറഞ്ഞു. അതിനു പിന്നാലെ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ സാധാരണക്കാരുടെ വരുമാനത്തെ ബാധിച്ചു.
“കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് രൂക്ഷമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണ് നമ്മൾ കണ്ടത്. ഈ വർഷം 3.7 ദശലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവിന് ചികിത്സ ആവശ്യമായി വരും,” ലോക ഭക്ഷ്യ പരിപാടിയുടെ കൺട്രി ഡയറക്ടർ ജോൺ ആയ്‌ലീഫ് ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ മുമ്പൊരിക്കലും രേഖപ്പെടുത്താത്ത വിധത്തിലുള്ള ഒരു കുതിച്ചുചാട്ടമാണ് കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവിൽ കഴിഞ്ഞ വർഷം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.