നേര്യമംഗലത്ത് ബസ് അപകടം, കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്; അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം-ചൊവ്വാഴ്ചത്തെ മിഡ് ഡേ വാർത്തകൾ
 

 
WWW

എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കിയിലേക്കു വരുന്ന പാതയിലുള്ള മണിയമ്പാറയിലാണ് സംഭവം. കട്ടപ്പനയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് ആണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 ഓളം യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഇവർക്ക് നിസാര പരിക്ക് പറ്റിയെന്നാണ് ലഭ്യമാകുന്ന വിവരം. 

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിൽ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി കാട്ടാനയെ കണ്ട ഇരുവരും ഓടിയിരുന്നു. രാവിലെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആളുകൾ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി. അടിയന്തര നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി സ്ഥാനത്ത് ഇരിക്കുന്നതെന്തിനെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സർക്കാർ സമീപനമെന്നും കുറ്റപ്പെടുത്തി.

തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

ഹാർവാർഡ് സർവകലാശാലയ്ക്കുള്ള ഫണ്ടിങ് മരവിപ്പിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സർവകലാശാലയ്ക്ക് അനുവദിച്ചിരുന്ന ഫണ്ടുകളിൽ നിന്ന് 2.3 ബില്യൺ ഡോളർ മരവിപ്പിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. നയങ്ങൾ മാറ്റണമെന്ന യുഎസ് നിർദേശം തള്ളിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ വിദ്യാഭ്യാസ വകുപ്പാണ് സർവകലാശാലയ്ക്ക് നേരെ നടപടിയെടുത്തത്. ട്രംപ് ഭരണകൂടത്തിൻ്റെ നയങ്ങളിൽ മാറ്റം വരുത്താനുള്ള സമ്മർദത്തെ ധിക്കരിക്കുന്ന ആദ്യത്തെ യുഎസ് സർവകലാശാലയാണിത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

Tags

Share this story

From Around the Web